‘ഞങ്ങളുടെ ജീവിതത്തില്‍ വെളിച്ചം വരണമെങ്കില്‍ ഈ തെരുവു വിളക്കുകള്‍ കത്തണം’; കാട്ടുമൃഗ ശല്യം രൂക്ഷമായ ചക്കിട്ടപ്പാറയില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി


ചക്കിട്ടപാറ: പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തെരുവ് വിളക്കുകൾ അണഞ്ഞതിനാൽ കൃഷിയിടത്തിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നതായി പരാതി. വനാതിർത്തിയിൽ നിന്ന് ഇറങ്ങുന്ന മൃഗങ്ങൾ റോഡരികിലെ വിളക്കുകൾ കണ്ടാൽ കൃഷി നാശം വരുത്തുന്നത് കുറയുമെന്ന് കർഷകർ പറയുന്നു. കൂടാതെ വെളിച്ചം ഉണ്ടെങ്കിൽ കർഷകർക്ക് മൃഗങ്ങളെ ഓടിക്കാനും സാധിക്കും.

പെരുവണ്ണാമൂഴി, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി, മുതുകാട്, സീതപ്പാറ മേഖലകളിൽ മാസങ്ങളായി തെരുവ് വിളക്കുകൾ കത്തുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.

വിഫാം ജില്ലാ കമ്മിറ്റി അംഗം എം.എ.മത്തായി, എം.എം.ഗോപി, പി.രാജൻ എന്നിവർ നേതൃത്വം നൽകി. തെരുവ് വിളക്കുകൾ കത്തിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അംഗം രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.