ജ്യോതിഷം മലയാളികളുടെ ജീവിതം തകര്‍ക്കുന്നത് എങ്ങനെയെല്ലാം? ജനകീയമായ അന്ധവിശ്വാസത്തെ കുറിച്ച് പത്മനാഭന്‍ മാസ്റ്റര്‍ എഴുതുന്നു


സുനിതയ്ക്ക് പ്രായം 35. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബം. നല്ല വിദ്യാഭ്യാസവുമുണ്ട്. കാഴ്ചയിലും മെച്ചപ്പെട്ടവള്‍. പക്ഷെ വരുന്ന വിവാഹാലോചനകളെല്ലാം മുടങ്ങുന്നു. മറ്റൊന്നുമല്ല. ലഗ്‌നാല്‍ 8ല്‍ ചൊവ്വ. ചന്ദ്രാല്‍ 7ല്‍ കേതുവും സ്ഥാനം പിടിച്ചിരിക്കുന്നു. പോരെ പൂരം. രക്ഷിതാക്കളുടെ ഫലജ്യോതിഷത്തിലുള്ള രൂഢമൂലമായ വിശ്വാസം ഒരു കുട്ടിയുടെ ജീവിതസ്വപ്നങ്ങള്‍ ആകെ തകര്‍ക്കുന്നു.

ഒരു പുരുഷനും സ്ത്രീയും പരസ്പരം കണ്ട് ഇഷ്ടപ്പെടുകയും അവരുടെ വീട്ടുകാര്‍ക്ക് ഇഷ്ടമുണ്ടാവുകയും ചെയ്യുന്ന അവസ്ഥയില്‍പോലും ജാതകചേര്‍ച്ച ഇല്ലെന്ന കാരണം പറഞ്ഞ് വിവാഹം മുടങ്ങുന്നു. ഈ പ്രശ്നം ഹിന്ദുമതത്തില്‍ മാത്രം കാണുന്ന ഒരു സവിശേഷതയാണ്. ഹിന്ദുക്കള്‍ വിവാഹിതരാവുമ്പോള്‍ ജാതക ചേര്‍ച്ചവേണമെന്നും മറ്റുമതസ്ഥര്‍ക്ക് ഇതുബാധകമല്ലെന്നും ഏതെങ്കിലും ദൈവം വിധിച്ചിട്ടുണ്ടോ?

ഒരു കുട്ടി ജനിക്കുമ്പോള്‍ ഏഴാമത്തെയോ എട്ടാമത്തെയോ രാശിയില്‍ സ്ഥിതി ചെയ്യുന്ന ചൊവ്വയ്ക്ക് കുട്ടിയുടെ തുടര്‍ന്നുള്ള ജീവിതകാലത്ത് ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല എന്ന തിരിച്ചറിവ് ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ചില മാന്യന്മാര്‍ക്കും മഹതികള്‍ക്കുംവരെ ഇല്ലാതെപോവുന്നതെന്തുകൊണ്ടാണ്.

ഞാന്‍ വെള്ളമുണ്ട ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്ന കാലം എന്റെ ഒരു സഹാധ്യാപകന്‍ മറ്റൊരു സ്‌കൂളിലെ അധ്യാപികയെ സ്നേഹിച്ചു. അദ്ദേഹം ഒരു ജാതക വിശ്വാസിയായിരുന്നു. സ്ത്രീയുടെ നക്ഷത്രം ചിത്തിരയും സഹാധ്യാപകന്റെ നക്ഷത്രം മകീര്യവുമായിരുന്നു. ജാതകങ്ങള്‍ തമ്മില്‍ ഒരു കാരണവശാലും കൂട്ടിക്കെട്ടാന്‍ പാടില്ലെന്ന് പണിക്കര്‍ വിധിയെഴുതി. മധ്യമരജു, വേധം എന്നീ ദോഷങ്ങളുണ്ട്. കല്ല്യാണം കഴിഞ്ഞാല്‍ പെട്ടെന്ന് തട്ടിപ്പോകുമെന്നാണ് വിധി. പക്ഷെ അവര്‍ കല്ല്യാണം കഴിച്ചു. മൂന്നു മക്കളുണ്ടായി. ഇപ്പോള്‍ നല്ല സ്ഥിതിയിലാണ്. ആ മക്കളുടെയും കല്ല്യാണം കഴിഞ്ഞു. അതേസമയം പത്തില്‍ എട്ടു പൊരുത്തവും ഗുരുവായൂരില്‍ വെച്ച് കല്ല്യാണം നടത്തുകയും ചെയ്തവര്‍ വീട്ടില്‍ എത്തുംമുമ്പേ തട്ടിപ്പോയിട്ടുണ്ടല്ലോ. ഫലജ്യോതിഷത്തിലെ വിധികള്‍ നിരര്‍ത്ഥകമാണെന്നറിയാന്‍ ഇതില്‍പരം തെളിവുകള്‍ ആവശ്യമുണ്ടോ?

സ്ത്രീപുരുഷ ജാതകങ്ങള്‍ നോക്കി അവ തമ്മില്‍ പൊരുത്തമുണ്ടോ പാപസാമ്യമുണ്ടോ എന്നറിയാന്‍ നിരവധി ജാതകങ്ങള്‍ എന്റെ അടുത്തെത്തിയിട്ടുണ്ട്. പാപം രണ്ട് ജാതകത്തിലും ഒരുപോലെയായാല്‍ പാപസാമ്യമുണ്ട്. നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം എട്ടില്‍ നാലോ അതിലധികമോ ആയാല്‍ ഉത്തമം. മധ്യമരജുവും വേധവും അരുത്. ഇതില്‍ ലഗ്‌നാല്‍ ഏഴിലോ എട്ടിലോ പാപഗ്രഹമുണ്ടെങ്കില്‍ ജനനസമയത്തില്‍ പരമാവധി രണ്ടു മണിക്കൂര്‍ മാറ്റം വരുത്തിയാല്‍ ചൊവ്വ എന്നല്ല ഏതുപാപഗ്രഹത്തെയും പറപ്പിക്കാം. ചന്ദ്രാല്‍ ഏഴിലോ എട്ടിലോ ആണ് പാപഗ്രഹമെങ്കില്‍ ദിവസം തന്നെ മറ്റേണ്ടിവരും. സ്വാഭാവിക പ്രസവങ്ങള്‍ക്കു പകരം സിസേറിയന്‍ കൂടുതലായി നടക്കുന്ന ഈ കാലത്ത് ഇത്തരം മാറ്റങ്ങള്‍ അനുവദനീയമാണ്. നല്ല ലഗ്‌നത്തിലും നല്ല നക്ഷത്രത്തിലും ജനിക്കാന്‍ വേണ്ടി സ്വാഭാവിക പ്രസവം നടക്കേണ്ടതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് സിസേറിയന്‍ ചെയ്യിപ്പിക്കുന്ന വിഢ്യാസുരന്മാരുമുണ്ട്. ഏതായാലും ജനനസമയത്ത് മാറ്റംവരുത്തി നിരവധി ജാതകങ്ങളെ പരസ്പരം ചേര്‍ച്ചയുള്ളതാക്കിമാറ്റാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചിട്ടുണ്ട്. ആര്‍ക്കും ഒരു കുഴപ്പവും ഇതുവരെ കണ്ടിട്ടില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആരും ജാതകപൊരുത്തം നോക്കി അല്ല വിവാഹം കഴിച്ചത്.

ഒരു കുട്ടി ജനിക്കുമ്പോള്‍ ആകാശത്ത് ചന്ദ്രന്റെ സമീപമുള്ള നക്ഷത്രമാണ് ആ കുട്ടിയുടെ നാള്‍. പണ്ട് കലണ്ടറും പഞ്ചാംഗവുമില്ലാത്ത കാലത്ത് കുട്ടിയുടെ നാള്‍ ഏതെന്ന് ആകാശം നോക്കി മനസിലാക്കി. ചന്ദ്രന്‍ 27 നക്ഷത്രങ്ങളിലൂടെയും സഞ്ചരിച്ച് 28ാം ദിവസം ആദ്യനക്ഷത്രത്തിലെത്തും. അപ്പോള്‍ കുട്ടിക്ക് ഒരുമാസം പ്രായമായെന്ന് പ്രാചീനകാലത്ത് ആളുകള്‍ നക്ഷത്രനിരീക്ഷണത്തിലൂടെ മനസ്സിലാക്കി. ആ ദിവസം ആഘോഷമാക്കി. 28 കുളിയെന്നും പാല്‍ കൊടുക്കലെന്നും പറഞ്ഞു. അത് ഒരു ആചാരമായി ഇപ്പോഴും തുടരുന്നു.

സി. പത്മനാഭന്‍

നക്ഷത്രം നല്ലതും ചീത്തയുമുണ്ടെന്ന് ജ്യോതിഷികള്‍ പറയുന്നു. ആയില്യം, പൂയ്യം, അത്തം, പൂരാടം തുടങ്ങി കുറേ നക്ഷത്രങ്ങള്‍ക്ക് ഈ ദോഷമുണ്ടത്രേ. ഉദാഹരണത്തിന് അത്തത്തിന്റെ 15 നാഴികക്കുള്ളില്‍ ജനിച്ചാല്‍ അച്ഛനും രണ്ടാം പാദത്തില്‍ അമ്മാവനും മൂന്നാം പാദത്തില്‍ ബാലനും നാലാം പാദത്തില്‍ അമ്മയ്ക്കും ദോഷമാകുന്നു. ഈ വിശ്വാസം ചില സ്ത്രീകളുടെ മനസ്സിലുണ്ടാക്കുന്ന ചിന്തകള്‍ വളരെ ദോഷം ചെയ്യുന്നു. എന്റെ ഭാര്യയുടെ ആദ്യ പ്രസവം പേരാമ്പ്ര സോമ സുന്ദരന്‍ ഡോക്ടറുടെ ആശുപത്രിയില്‍വെച്ചായിരുന്നു. ഭാര്യയെ ലേബര്‍ റൂമില്‍ കയറ്റി അല്പസമയം കഴിഞ്ഞ് പ്രസവിച്ചു. അതുകഴിഞ്ഞ് മറ്റൊരു സ്ത്രീയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. അവരുടെ കൂടെ വന്ന വയസ്സായ സ്ത്രീ അതായത് ഭര്‍ത്താവിന്റെ അമ്മ കലണ്ടര്‍ നോക്കിവന്ന് ഉറക്കെ കരയുന്നു. എന്റെ മകനെ കൊല്ലാന്‍ ഒരു അന്തകന്‍ ജനിക്കുന്നു എന്നാണ് അവരുടെ വിലാപം. അത്തത്തിന്റെ ആദ്യ പതിനഞ്ച് നാഴികയ്ക്കുള്ളില്‍ ജനിച്ചാല്‍ കുട്ടി അര പിടിക്കാന്‍ ആവുംമുമ്പ് പിതാവ് തട്ടിപ്പോകുമത്രേ. ഈ വിശ്വാസം കാരണം ആ പ്രായമായ സ്ത്രീക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ലാളിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല വെറുക്കുകയും ചെയ്യും.

സ്വാമി വിവേകാനന്ദന്‍ വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ പറയുന്നത് ശ്രദ്ധിക്കാം. ഒരു നക്ഷത്രത്തിന് താറുമാറാക്കാവുന്നതാണ് തന്റെ ജീവിതമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ ഒരു നല്ല വൈദ്യരെ കാണിക്കേണ്ടതും നല്ല ആഹാരം കൊടുക്കേണ്ടതുമാണ് എന്നാണ്. മോശമായ ഒരു നക്ഷത്രത്തിലോ ദോഷസ്ഥാനത്ത് പാപഗ്രഹങ്ങള്‍ ഉള്ള സമയത്തോ ഒരു കുഞ്ഞിനെ ജനിപ്പിച്ച് ദ്രോഹം ചെയ്യാന്‍ നല്ലവനായ ദൈവം മുതിരുകയില്ല. അതായത് ഫലജ്യോതിഷത്തിലുള്ള വിശ്വാസം ദൈവവിശ്വാസത്തിന് എതിരാണെന്ന് മനസിലാവുന്നു. ഒരേ സമയത്ത് ജനിക്കുന്ന രണ്ട് കുഞ്ഞുങ്ങളുടെ ഗ്രഹനിലയും നക്ഷത്രവും ഒന്നുതന്നെയാണെങ്കിലും അവരുടെ ശിഷ്ടകാല ജീവിതം ഒരേപോലെയല്ലെന്ന് നമുക്ക് ബോധ്യമുള്ള കാര്യമാണ്.

വീടിന് തറക്കല്ലിടാനും കുട്ടിക്ക് പാല്‍ കൊടുക്കുന്നതിനും ചോറൂണിനും വിവാഹത്തിനും ഗൃഹപ്രവേശത്തിനും പ്രസവിക്കാന്‍ കൂട്ടിക്കൊണ്ടുപോകുന്നതിനും പ്രസവശേഷം തിരിച്ചുകൊണ്ടുപോകുന്നതിനും കച്ചവടം തുടങ്ങുന്നതിനും പറ്റിയ മുഹൂര്‍ത്തം തേടി എന്നെ സമീപിക്കുന്നവര്‍ പലരുമുണ്ട്. മനസ്സില്‍ ചിരിച്ചുകൊണ്ട് ഞാന്‍ മുഹൂര്‍ത്തം കുറിക്കും. തേടിവന്നവര്‍ക്ക് സന്തോഷം, പണച്ചിലവില്ലാതെ.

നമുക്ക് മുന്നിലുള്ള മറ്റൊരു വില്ലനാണ് രാഹുകാലം. പകലും രാത്രിയിലും ഏതാണ്ട് മൂന്ന് മണിക്കൂര്‍ വീതം നാല് യാമങ്ങള്‍. ഇതിനെ എട്ട് അര്‍ദ്ധയാമങ്ങളായി മാറ്റുന്നു. ഓരോ അര്‍ദ്ധയാമത്തിന്റെയും ചുമതല ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമായ ഗ്രഹങ്ങള്‍ക്കും സൂര്യചന്ദ്രന്‍മാര്‍ക്കും നല്‍കുന്നു. അപ്പോള്‍ ഒരു അര്‍ദ്ധയാമം ബാക്കിയാവുന്നു. നാഥനില്ലാത്ത ഈ സമയം രാഹുകാലം. ഇതുപോലെ രാത്രിയിലും. യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളിലൊന്നുകൂടി നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമായാല്‍ രാഹുകാലമുണ്ടാകുമായിരുന്നില്ല. രാഹുകാലത്ത് ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. പക്ഷെ ദക്ഷിണേന്ത്യയില്‍ മാത്രമാണ് ഇതിന് പ്രാബല്യമുള്ളത്. പ്രധാനപ്പെട്ട ഒരു ഹോര ഗ്രന്ഥത്തിലും രാഹുകാലം പരാമര്‍ശിക്കപ്പെട്ടിട്ടുമില്ല.

അശാസ്ത്രീയമായ ഫലജ്യോതിഷവിധികളില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ് ഹിന്ദുക്കളില്‍ ഭൂരിപക്ഷം പേരും. അവരോട് സഹതപിക്കാനേ ഇപ്പോള്‍ കഴിയുകയുള്ളൂ. അറിവില്ലായ്മകൊണ്ട് ഫലജ്യോതിഷത്തിന്റെ കെടുതികളനുഭവിക്കുന്ന എല്ലാവരോടുമുള്ള സഹതാപം മനസിലൊതുക്കിക്കൊണ്ട് കുറിപ്പ് സമാഹരിക്കട്ടെ.

1986ല്‍ ഹാലി ധൂമകേതു പ്രത്യക്ഷപ്പെട്ടകാലം മുതല്‍ പേരാമ്പ്ര ഹൈസ്‌കൂള്‍ കെമിസ്ട്രി അധ്യാപകനായിരുന്നു എ.എം കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്ററും ഞാനും പേരാമ്പ്ര മേഖലയുടെ പലഭാഗങ്ങളിലും പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വാനനിരീക്ഷണവും ജ്യോതിശാസ്ത്രക്ലാസും എടുത്തുകൊണ്ടിരുന്നു. ക്ലാസില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ടതായിരുന്നു. അങ്ങനെ മേപ്പയ്യൂരിലെ കെ.പി കായലാടില്‍ നിന്ന് ജ്യോതിഷത്തിന്റെ ബാലപാഠങ്ങള്‍ വശത്താക്കി. ഇരുവരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. ആദരപൂര്‍വ്വം അവരെ സ്മരിച്ചുകൊണ്ട് നിര്‍ത്തുന്നു.