ജോജു വിഷയം നിയമസഭയില്‍; കോൺഗ്രസ് കടപ പ്രചരണം നടത്തിയെന്ന് ധനമന്ത്രി; എങ്ങനെ സമരം നടത്തണമെന്ന് സി.പി.എം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ (വീഡിയോ കാണാം)


തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവിലവര്‍ധനവിനെതിരെ ഇന്നലെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ ദേശീയപാതാ ഉപരോധവും അതിനെതിരെ നടന്‍ ജോജു ജോര്‍ജ്ജ് നടത്തിയ പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും നിയമസഭയിലും ചര്‍ച്ചയായി. ഇന്ധനവില വര്‍ധനവ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനിടെയായിരുന്നു വിഷയം ചര്‍ച്ചയായത്.

ജോജു ജോര്‍ജ്ജിനെ കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലും ചോദിച്ചു. അതിനുശേഷം ജോജു മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ഇന്ധന വില വര്‍ധന സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

കേരളത്തില്‍ അക്രമസമര പരമ്പരകള്‍ നടത്തിയവരാണ് കോണ്‍ഗ്രസ് സമരത്തെ വിമര്‍ശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭവിട്ടിറങ്ങുന്നതിന് മുമ്പ് പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് സി.പി.എം പഠിപ്പിക്കേണ്ട. കൊച്ചിയില്‍ എന്തിനു വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ.

എന്തു സാഹചര്യത്തിലാണ് നടന്‍ ബഹളമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി അന്വേഷിക്കണം. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടന്‍ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞത്. സി.പി.എമ്മിന്റെ സമരത്തിലേക്കാണ് വന്നതെങ്കില്‍ അനുശോചനം നടത്തേണ്ടിവന്നേനെയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഇന്ധനവില കൂട്ടുമ്പോഴുള്ള അധിക വരുമാനം സബ്‌സിഡിയായി നല്‍കണം. മീന്‍പിടിത്ത ബോട്ടുകള്‍, ഓട്ടോ, ടാക്‌സി എന്നിവക്കും ഇളവ് നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.