ജീവിതത്തോട് ഇച്ഛാശക്തിയോടെ പൊരുതി; വര്‍ണക്കുടകളുടെ ലോകത്തുനിന്ന് ഹാരിസ് യാത്രയായി


പേരാമ്പ്ര: വര്‍ണക്കുടകളുടെ ലോകത്തുനിന്ന് മരുതേരിയിലെ ഉക്കാരന്‍കണ്ടി ഹാരിസ് യാത്രയായി. നാല്‍പ്പത്തിനാല് വയസ്സായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായിട്ടും വര്‍ണക്കുടകളുണ്ടാക്കി വില്‍പ്പന നടത്തി ജീവിച്ച, തളരാത്ത ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു ഹാരിസ്.

22 വര്‍ഷങ്ങള്‍ക്കുമുമ്പ് ചക്കിട്ടപാറ അങ്ങാടിയിലെ കഠിനാദ്ധ്വാനിയായ ചുമട്ടുകാരനായിരുന്നു ഹാരിസ്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ ഒരു പിക്കപ്പ് വാന്‍ വന്നിടിച്ചുണ്ടായ അപകടം ആ ചെറുപ്പക്കാരന്റ ജീവിതം മാറ്റിമറിച്ചു. നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായി. ചികിത്സകള്‍ തുടര്‍ന്നെങ്കിലും എഴുന്നേറ്റ് നടക്കാനായില്ല.

പേരാമ്പ്ര ദയ പാലിയേറ്റീവിലെ വൊളന്റിയര്‍മാരുടെ സഹായത്തോടെ കുടകള്‍ നിര്‍മിക്കാന്‍ പഠിച്ചു. ദയയുടെ സഹായത്തോടെ ഇത് വില്‍പ്പന നടത്താനും തുടങ്ങിയതോടെ ഹാരിസിന്റെ ചെറിയവരുമാനം കുടുംബത്തിന് താങ്ങായി. വര്‍ണക്കുടകളുടെ ലോകത്തെ ജീവിതതാളമാണ് കഴിഞ്ഞദിവസം നിലച്ചത്.