ജില്ലാപഞ്ചായത്ത് മേപ്പയ്യൂര്‍ ഡിവിഷന്‍; വിജയം തുടരാന്‍ സിപിഎം, അട്ടിമറി പ്രതീക്ഷയുമായി യുഡിഎഫ്


മേപ്പയ്യൂർ: ഇടതുപക്ഷത്തി​ൻെറ ഉറച്ച ഡിവിഷനായി വിലയിരുത്തപ്പെടുന്ന മേപ്പയ്യൂർ ഇത്തവണ പട്ടികജാതി സംവരണമാണ്. 2015ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ സുജാത മനക്കൽ 5025 വോട്ടി​ൻെറ ഭൂരിപക്ഷത്തിനാണ് ജയിച്ച ഡിവിഷനില്‍ സിപിഎം ഇത്തവണയും വന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്. ചെറുവണ്ണൂർ, നൊച്ചാട്, മേപ്പയ്യൂർ, പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, കായണ്ണ എന്നീ ഏഴ്​ പഞ്ചായത്തുകളിലെ 44 വാർഡുകളാണ് മേപ്പയ്യൂര്‍ ഡിവിഷന് കീഴില്‍ വരുന്നത്. സിഎംബാബുവാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

1995-2000ൽ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​, 2005-2010ൽ ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ, 2015-2020ൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഭരണപരിചയവുമായാണ് സിഎം ബാബു ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. സിപിഎം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചെറുവണ്ണൂർ സർവിസ് സഹകരണബാങ്ക് ഡയറക്ടർ, പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രി ഡയറക്ടർ, കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പൊതുപ്രവർത്തന രംഗത്ത് സജീവമാണ് സി.എം.ബാബു.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫിനാണ് സീറ്റ് നല്‍കിയിരിക്കുന്നത്. കേരള ദലിത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ല കമ്മിറ്റിയംഗവുമായ കെ.എം. ഗോപാലനാണ് യു.ഡി.എഫ് സ്ഥാനാർഥി. മധു പുഴയരികത്താണ് ബി.ജെ.പി സ്ഥാനാർഥി. എസ്.സി മോർച്ച കോഴിക്കോട് ജില്ല പ്രസിഡൻറ്​, കേരള പരവൻ സർവിസ് സൊസൈറ്റി സംസ്ഥാന സമിതി അംഗം, ബി.ജെ.പി പേരാമ്പ്ര മണ്ഡലം കോർ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.