ജില്ലയിൽ നാല് ദിവസം കൊവിഡ് മെഗാ പരിശോധാന ക്യാമ്പ്, നാളെ മുതൽ നടക്കുന്ന ക്യാമ്പിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് നിർദേശം
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വീണ്ടും മെഗാ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗികളുമായി സമ്പർക്കത്തിൽ പെട്ടവർ ഉൾപ്പെടെ മുഴുവൻ ആളുകളും പരിശോധനാ ക്യാമ്പിൽ പങ്കെടുക്കണം.
നാളെയും മറ്റന്നാളും തിങ്കൾ, ചൊവ്വ ദിവസങ്ങളിലുമായാണ് വിവിധ കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ആരോഗ്യ വകുപ്പിന്റേയും ആഭിമുഖ്യത്തിൽ മെഗാ പരിശോധനാ ക്യാമ്പുകൾ ഒരുക്കുന്നത്. നിലവിലുള്ളതിന്റെ ഇരട്ടി പരിശോധനകള്‍ നടത്തുകയാണ് ലക്ഷ്യം. ഒരു ദിവസം 23600 ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കാറ്റഗറി സിയിൽ ഉൾപ്പെടുന്ന കോഴിക്കോട് കോർപ്പറേഷൻ, മുൻസിപ്പാലിറ്റികളായ മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ അത്തോളി, അഴിയൂർ, ചേളന്നൂർ, ചെങ്ങോട്ടുകാവ് , ചെറുവണ്ണൂർ, ചോറോട്, കക്കോടി, കട്ടിപ്പാറ, കാവിലുംപാറ, കിഴക്കോത്ത്, കൊടിയത്തൂർ, കൂടരഞ്ഞി, കുന്നുമ്മൽ, കുറ്റ്യാടി, നൊച്ചാട്, ഒഞ്ചിയം, കാരശ്ശേരി, തുറയൂർ, തിക്കോടി, വളയം, വേളം, നരിക്കുനി, പേരാമ്പ്ര, കോട്ടൂർ ,കുരുവട്ടൂർ , മണിയൂർ, നാദാപുരം , വില്യാപ്പള്ളി എന്നിവിടങ്ങളിലും പരിശോധന ക്യാമ്പ് നടക്കും.
കാറ്റഗറി ഡിയിൽ ഉൾപ്പെടുന്ന മുനിസിപ്പാലിറ്റികൾ ആയ കൊയിലാണ്ടി, കൊടുവള്ളി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ ചങ്ങരോത്ത്, ചാത്തമംഗലം, ചെക്യാട്, ചേമഞ്ചേരി, ഏറാമല, കായണ്ണ , കടലുണ്ടി, കീഴരിയൂർ, കൂത്താളി, കുന്നമംഗലം, മടവൂർ , മാവൂർ , മേപ്പയൂർ, മൂടാടി , നന്മണ്ട, ഒളവണ്ണ, ഓമശ്ശേരി, പെരുമണ്ണ, പെരുവയൽ, താമരശ്ശേരി ,തലക്കുളത്തൂർ , തിരുവമ്പാടി, തിരുവള്ളൂർ , ഉള്ള്യേരി, ഉണ്ണികുളം, വാണിമേൽ, ബാലുശ്ശേരി, കോടഞ്ചേരി , നടുവണ്ണൂർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആണ് ടെസ്റ്റ് നടത്തുന്നത്.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മെഗാ പരിശോധന ക്യാമ്പ് വഴി ഒരു ലക്ഷത്തിലധികം പേർക്ക് ടെസ്റ്റ് നടത്തിയിരുന്നു. രോഗവ്യാപനം തടഞ്ഞ്
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ല്‍ താഴെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നത്. രോഗികൾ കൂടുതലുള്ള സി, ഡി കാറ്റഗറികളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ വരുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തും. കണ്ടെയിന്‍മെന്റ് സോണ്‍, രോഗബാധിതര്‍ കൂടുതലുള്ള വാര്‍ഡുകള്‍, കോളനികൾ, രോഗവ്യാപനം കൂടിയ ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.