ജില്ലയിൽ കോവിഡ് പ്രതിരോധത്തിൽ കുടുംബശ്രീയും; ഓക്സിജൻ കോൺസൻട്രേറ്ററുകൾ ലഭ്യമാക്കാൻ സ്വരൂപ്പിച്ചത് നാല്പത് ലക്ഷത്തോളം രൂപ


കോഴിക്കോട്: കോവിഡ് പ്രതിരോധം തീർക്കാൻ അഞ്ചും പത്തും രൂപ കൂട്ടിച്ചേർത്ത് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ നൽകിയത് നാല്പത് ലക്ഷത്തോളം രൂപ. കോവിഡ് പ്രതിരോധത്തിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ് കുടംബശ്രീയുടെ സമാനതകളില്ലാത്ത ഈ പ്രവർത്തനം. ജില്ലയിലെ വിവിധ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ ലഭ്യമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും നാഷണൽ ഹെൽത്ത് മിഷന്റേയും പ്രവർത്തനങ്ങൾ ഏറ്റെടുത്താണ് കുടുംബശ്രീ മുന്നോട്ടുവന്നത്.

ഇരുപത്തെട്ടായിരത്തോളം വരുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിലായി നാലര ലക്ഷത്തോളം അംഗങ്ങളാണുള്ളത്. വിവിധ കുടുംബശ്രീ സി.ഡി.എസ്സുകൾ വഴി സ്വരൂപിച്ച 38,66,310 രൂപയുടെ ചെക്ക് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കവിത.പി.സി ജില്ല കളക്ടർക്ക് കൈമാറി. ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള കുടുംബശ്രീ സംവിധാനത്തിന്റെ സന്നദ്ധത പ്രസ്ഥാനത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് വെളിവാക്കുന്നതെന്ന് കളക്ടർ പറഞ്ഞു.