ജില്ലയില്‍ പൊതു ഇടങ്ങളിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക യജ്ഞം


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പൊതു ഇടങ്ങളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 15 ദിവസത്തിലൊരിക്കല്‍ പ്രത്യേക യജ്ഞം നടത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ഇത്തരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ പ്രവൃത്തികളും കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അംബേദ്കര്‍ ഗ്രാമം കോളനി പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ടി.പി.രാമകൃഷ്ണന്‍ എം. എല്‍.എ പറഞ്ഞു. വടകര-മാഹി കനാല്‍ നിര്‍മാണം വേഗത്തിലാക്കാനും യോഗം നിര്‍ദ്ദേശിച്ചു. നിലവില്‍ അഞ്ചാമത്തെ റീച്ചില്‍ പ്രവൃത്തി നടക്കുകയാണ്. 25 ശതമാനം പ്രവൃത്തിയാണ് പൂര്‍ത്തിയായത്. കനാലില്‍ നിന്നെടുക്കുന്നതും കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയാത്തതുമായ ചളി ശാസ്ത്രീയമായി മറ്റൊരിടത്ത് നിക്ഷേപിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുഴ ആഴം കൂട്ടല്‍, പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം എന്നിവ മഴയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

2024നകം ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ജലനിധി പദ്ധതി വഴി വെള്ളം നല്‍കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വടകരയില്‍ കടലാക്രമണം തടയുന്നതിനായി 52 ലക്ഷം രൂപയുടെ പ്രവൃത്തി പുരോഗതിയിലാണ്. 65 ലക്ഷം രൂപയുടെ മറ്റൊരു പ്രവൃത്തിയുടെ ടെണ്ടര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റില്‍ വടകര ഭാഗത്തുണ്ടായ അതിരൂക്ഷമായ കടലാക്രമണം തടയുന്നതിനുവേണ്ടി ഏഴ് സ്ഥലങ്ങളില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായി ഇറിഗേഷന്‍ വിഭാഗം യോഗത്തില്‍ അറിയിച്ചു.

ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതായും ഉടനെ എഗ്രിമെന്റ് വെക്കുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം അറിയിച്ചു. ഓഗസ്റ്റ് 15നകം നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്.

ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ആകെ 75 പദ്ധതികളില്‍ 65 എണ്ണത്തിന് സാങ്കേതിക അനുമതിയായി. 51 പദ്ധതികള്‍ കരാറിലേര്‍പ്പെടുകയും ആറെണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പൂനൂര്‍ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിച്ച 22 പ്രവൃത്തികളില്‍ ഒന്‍പത് പ്രവൃത്തികള്‍ ആരംഭിച്ചു. ബാക്കി 13 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചു വരികയാണ്.

എംഎല്‍എമാരായ അഡ്വ.പി.ടി.എ റഹീം, കാനത്തില്‍ ജമീല, തോട്ടത്തില്‍ രവീന്ദ്രന്‍, ലിന്റോ ജോസഫ്, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ.കെ രമ, എഡിഎം സി. മുഹമ്മദ് റഫീഖ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ , ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍.മായ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.