ജില്ലയിലെ കൃഷിഭവനുകൾ നാഥനില്ലാ കളരി; ദുരിതത്തിലായി കർഷകർ


പേരാമ്പ്ര : കൃഷി ഓഫീസർമാരുടെയും അസിസ്റ്റൻറുമാരുടെയും ഒഴിവുകൾ നികത്താത്തതിനാൽ കൃഷിഭവനുകളുടെ പ്രവർത്തനം താളംതെറ്റുന്നു. ജില്ലയിൽ 76 കൃഷി അസിസ്റ്റുമാരുടെയും ഒമ്പത് കൃഷി ഓഫീസർമാരുടെയും ഒഴിവുണ്ട്. കൃഷി അസിസ്റ്റൻറുമാരുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും കോടതിയിൽ കേസിനെത്തുടർന്ന് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനാൽ എംപ്ലോയ്‌മെൻറ് വഴി നിയമനം നടത്താനാണ് കൃഷി ഡയറക്ടറേറ്റിൽനിന്നുള്ള നിർദ്ദേശം. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടേയുള്ളൂ.

179 ദിവസകാലയളവിലേക്ക് മുമ്പ് എംപ്ലോയ്‌മെൻറിൽ നിന്ന് നിയമനം നടത്തിയതാണ്. ഇതിന്റെ കാലാവധി ഏപ്രിലിൽ കഴിഞ്ഞു. തുടർന്ന് തിരഞ്ഞടുപ്പ് കാലത്ത് നടപടി നീണ്ടുപോയതാണ് കൂടുതൽ ജീവനക്കാരുടെ ഒഴിവുണ്ടാകാൻ കാരണം. വിരമിച്ചവരുടെ ഒഴിവുകൾ കൂടി ഇത്തവണ കൂടുതൽവന്നു. കൃഷി ഓഫീസർമാരുടെ തസ്തികയിലാകട്ടെ പി.എസ്.സി. റാങ്ക് ലിസ്റ്റും നിലവിലില്ല. വലിയ തദ്ദേശസ്ഥാപനങ്ങളിലെ കൃഷിഭവനുകളിൽ കൃഷി ഓഫീസർക്കുപുറമെ മൂന്ന് കൃഷി അസിസ്റ്റൻറുമാരും മറ്റുള്ള ഇടങ്ങളിൽ രണ്ട് കൃഷി അസിസ്റ്റൻറുമാരുമാണ് ഉണ്ടാവുക. കൂടുതൽ ഒഴിവുകൾ നിലനിൽക്കുന്നതിനാൽ ഒരു കൃഷി ഓഫീസർ മാത്രമോ ഒരു കൃഷി അസിസ്റ്റൻറ് മാത്രമോ ഉള്ള കൃഷിഭവനുകളുണ്ട്. ജോലികൾ സമയത്തിന് ചെയ്തുതീർക്കാൻ ഇവർ ബുദ്ധിമുട്ടുകയാണ്.

കായണ്ണ, മേപ്പയ്യൂർ കൃഷിഭവനുകളിൽ കൃഷി ഓഫീസർ മാത്രമാണുള്ളത്. ചെറുവണ്ണൂർ, മണിയൂർ കൃഷിഭവനിൽ ഒരു കൃഷി അസിസ്റ്റൻറ് മാത്രമാണ് ആശ്രയം. വേളത്തും ചോറോടും കൃഷിഓഫീസറും കൃഷി അസിസ്റ്റൻറ് മാരുമില്ല. തിരുവള്ളൂർ, കായക്കൊടി, കാവിലുംപാറ തുടങ്ങിയ സ്ഥലങ്ങളിലും കൃഷി ഓഫീസർമാരില്ല. അടുത്തുള്ള കൃഷിഭവനിലെ ഓഫീസർമാർക്ക് ചുമതല നൽകിയിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്ന് കർഷകർ പറയുന്നു.

കാർഷികമേഖലയിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്ന സമയമാണിത്. ത്രിതല പഞ്ചായത്തുകളുടേതിനു പുറമെ വകുപ്പുതലത്തിലുള്ള പദ്ധതിയുമുണ്ട്. തൈകളുടെ വിതരണം, ഓണത്തിന് ഒരു മുറം പച്ചക്കറി, സുഭിക്ഷ കേരളം പദ്ധതി, നെൽകൃഷിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, പ്രധാനമന്ത്രി കിസാൻ നിധി എന്നീ പദ്ധതികൾ നടപ്പാക്കാനുണ്ട്. കാലവർഷത്തിൽ കൃഷി നഷ്ടത്തിനുള്ള തുടർ നടപടികളും നടത്തണം. ഇതിനൊക്കെ സ്ഥല സന്ദർശനം ഉൾപ്പെടെ നടത്താൻ ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. അപേക്ഷാസമർപ്പണം ഓൺലൈൻ ആയതോടെ ഓരോ ജീവനക്കാരനും ലോഗിൻചെയ്ത് വേണം കാര്യങ്ങൾ ചെയ്യാൻ. ജീവനക്കാരുടെ കുറവ് കാരണം ഇതും നടത്താനാവാത്ത അവസ്ഥയാണ്. പരാതിയുമായി എത്തുന്ന കര്‍ഷകരെ ചിലപ്പോള്‍ വരവേല്‍ക്കുന്നത് അടച്ചിട്ട കൃഷി ഓഫീസുകളാണ്. ഒരു ഓഫീസര്‍ മാത്രമുള്ള സ്ഥലത്ത് അധികാരികള്‍ മീറ്റിംഗിനും മറ്റും പോകുമ്പോള്‍ ഓഫീസുകള്‍ അടച്ചിടേണ്ടി വരുന്നതിനാലാണിത്.