ജലജീവന്‍ പദ്ധതി; പെരുവണ്ണാമൂഴിയില്‍നിന്ന് പേരാമ്പ്രയിലേക്കുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി
പേരാമ്പ്ര: ജലജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ആരംഭമായി. പെരുവണ്ണാമൂഴിയിലെ ജലശുദ്ധീകരണശാല മുതല്‍ കടിയങ്ങാട് വഴി പേരാമ്പ്ര ചിലമ്പവളവ് വരെയാണ് പുതിയ പൈപ്പിടുന്നത്. പെരുവണ്ണാമൂഴിയില്‍നിന്ന് പേരാമ്പ്രയിലെ ടാങ്കിലേക്ക് വെള്ളമെത്തിക്കാനുള്ള പ്രധാന പൈപ്പ് ലൈനാണിത്. പെരുവണ്ണാമൂഴി മുതല്‍ കടിയങ്ങാട് വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.22 കോടി ചെലവിലാണ് 14.28 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കോംപ്രഹെന്‍സീവ് വാട്ടര്‍സപ്ലൈ പദ്ധതിയില്‍ (സി.ഡബ്ല്യു.എസ്.എസ്.) ഉള്‍പ്പെടുത്തി സ്ഥാപിച്ച പൈപ്പുകള്‍ മാറ്റിയാണ് പുതിയ പൈപ്പുകളിടുന്നത്.
കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമില്‍നിന്നുള്ള വെള്ളമാണ് പേരാമ്പ്ര ടാങ്കിലേക്ക് എത്തുക. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പേരാമ്പ്ര, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തിലുള്ളവര്‍ക്കൊക്കെ ഇതിന്റെ പ്രയോജനം ലഭിക്കും. പേരാമ്പ്ര പഞ്ചായത്തില്‍ മാത്രം 32.38 കോടിയുടെ ജലജീവന്‍ പദ്ധതിയാണ് നടപ്പാക്കുന്നത്. 7112-ഓളംപേര്‍ക്ക് ഇതുവഴി കുടിവെള്ളം വിതരണം ചെയ്യാനാകുമെന്നാണ് നിഗമനം. പേരാമ്പ്ര ചിലമ്പ വളവില്‍ നേരത്തെ നിര്‍മിച്ചിട്ടുള്ള ടാങ്കിലേക്ക് വെള്ളമെത്തിച്ചാണ് എല്ലായിടത്തേക്കും വെള്ളം നല്‍കുക. അടുത്തവര്‍ഷം ഫെബ്രുവരി ആദ്യത്തോടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
പെരുവണ്ണാമൂഴിയില്‍നിന്ന് കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിലേക്കുള്ള പ്രധാന വിതരണ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും. പദ്ധതി ചെലവില്‍ 10 കോടിയോളംരൂപ പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഇടങ്ങളില്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ പി.ഡബ്ല്യു.ഡി.ക്കായി നല്‍കാനുള്ളതാണ്.