ജന്മിത്വത്തിനെതിരെയും ജാതീയ വേര്‍തിരിവിനെതിരെയും സന്ധിയില്ലാത്ത പോരാട്ടം; പിണറായി വിജയനും എം.വി രാഘവനുമൊപ്പം ജയില്‍വാസം, പി.കെ ശങ്കരേട്ടന്റെ ഓര്‍മ്മകള്‍ക്ക് 14 വര്‍ഷം


കൊയിലാണ്ടി: അടിയന്തരാവസ്ഥയിലെ കേരളത്തിലെ പ്രതിഷേധങ്ങള്‍ ഇന്നും ചരിത്രത്തില്‍ ചിതറിക്കിടക്കുന്നു. കേരളത്തിന്റെ അങ്ങോളമിങ്ങോളും സമരജ്വാലകള്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ കൊയിലാണ്ടിയിലും
സമരവീര്യം ഒട്ടും കുറഞ്ഞില്ല. പൊലീസിനെതിരെ ചെറുത്ത് നിന്നവരെ ജയിലിലടക്കുകയും ക്രൂര പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു. അത്തരത്തില്‍ ജയിലിലടക്കപ്പെട്ട കൊയിലാണ്ടി സ്വദേശി പി.കെ ശങ്കരേട്ടന്റെ ഓര്‍മകള്‍ക്ക് ഇന്ന് 14 വര്‍ഷം.

സ്വാന്ത്ര സമര കാലഘട്ടത്തിലാണ് ശങ്കരേട്ടന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ജാതീയമായ വേര്‍തിരിവിന് എതിരെയും ജന്മിനാടുവാഴിത്വവ്യവസ്ഥയ്ക്ക് എതിരായും കുടികിടപ്പവകാശ സമരങ്ങളിലൂടെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ അദ്ദേഹം രാഷ്ട്രീയ ജീവിതമാരംഭിച്ചു. തുടര്‍ന്ന് 1942 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1953 മുതല്‍ പാര്‍ട്ടി ജില്ലാക്കമ്മിറ്റി അംഗവും കൊയിലാണ്ടിമണ്ഡലം സെക്രട്ടറിയായും ശങ്കരേട്ടന്‍ പ്രവര്‍ത്തിച്ചു.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.(എം)നൊപ്പം നിന്നു. തുടര്‍ന്ന് കൊയിലാണ്ടി ഏരിയാ കമ്മിറ്റി സെക്രട്ടറി, അഖിലേന്ത്യ കിസാന്‍സഭ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘമായ ആറരപ്പതിറ്റാണ്ടോളം അദ്ദേഹം പൊതു ജീവിതം നയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലത്ത് നിരവധിതവണ ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കും ജയില്‍വാസത്തിനും ശങ്കരേട്ടന് വിധേയമാകേണ്ടിവന്നു.

1972 ല്‍ കോഴിക്കോട് ജില്ലയിലെ ആദ്യ മിച്ചഭൂമി സമരത്തിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വന്നു. അടിയന്തരാവസ്ഥയെ തുടര്‍ന്നാണ് അദ്ദേഹം അവസാനമായി ജയില്‍ പോയത്. 1975 ജൂണ്‍ 26ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ എങ്ങും ജയിലിലടക്കപ്പെട്ടു. പ്രവര്‍ത്തകര്‍ ഏറെയും ഒളിവിലായി. കരുതല്‍ നിയമം ഉപയോഗിച്ച് ശങ്കരേട്ടനും പിടിക്കപ്പെട്ടു. പതിനെട്ട് മാസത്തെ ജയില്‍വാസം. ജയില്‍ വാസത്തിനിടെ കടുത്ത ആസ്തമ രോഗിയായിരുന്ന ശങ്കരേട്ടന്റെ ആരോഗ്യനില തീരെ മോശമായി. യാതൊരു ചികിത്സയും ലഭ്യമാക്കാതെ ജയിലധീകൃതര്‍ നിസ്സംഗരായി നിന്നപ്പോള്‍ മനുഷ്യത്വരഹിതമായ ആ ക്രൂരതയ്‌ക്കെതിരെ അന്ന് കൂടെ ജയിലിലുണ്ടായിരുന്ന പിണറായി വിജയന്‍, എം.വി രാഘവന്‍ തുടങ്ങിയ നേതാക്കള്‍ ശങ്കരേട്ടന് വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ ജയിലില്‍ സമരം ആരംഭിച്ചു.

സമരത്തെതുടര്‍ന്ന് ശങ്കരേട്ടനെ കേഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും കൂടിക്കാഴ്ച കര്‍ശനമായി പോലീസ് നിരോധിച്ചു. അദ്ദേഹത്തെ കാണാന്‍ മകന്‍ രഘുനാഥന്‍ വന്നപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ ചാത്തുണ്ണി മാസ്റ്റര്‍ ഇടപെട്ടാണ് ശങ്കരേട്ടനെ കാണാനുള്ള സൗകര്യം ചെയ്ത് കൊടുത്തത്. തീര്‍ത്തും അവശനായ അദ്ദേഹം മകനോട് പറഞ്ഞത് വിഷമിക്കരുത് എന്ന് മാത്രമാണ്. ജീവിത്തിന്റെ ദുരിതക്കടല്‍ താണ്ടിയ, അടിയന്തരാവസ്ഥാകലത്തെ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരുടെ ശബ്ദമായിരുന്നു അത്.

നീണ്ട പതിനെട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷം തിരികെ സ്വന്തം നാട്ടിലെത്തിയ ശങ്കരേട്ടന് ഉജ്വലസ്വീകരണമാണ് നല്‍കിയത്. ജയില്‍ മോചിതനായി അണേലക്കടവിലെത്തിയ അദ്ദേഹത്തിന് ആദ്യം ചെങ്കൊടി നല്‍കി സ്വീകരിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ദേവിയായിരുന്നു. ജീവിത സഖി നല്‍കിയ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് തന്റെ പ്രിയപ്പെട്ട നാട്ടുകാരോടായി അദ്ദേഹം പറഞ്ഞത് ജീവനുള്ള കാലത്തോളം ഈ ചെങ്കോടി ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നാണ്. ഒരു കുടുംബം ഒന്നാകെ ആ കമ്മ്യൂണിസ്റ്റിന് ഊര്‍ജവായുവായി കൂടെ നിന്നു. ഭാര്യയായ ദേവിയും, മക്കളായ രാധ, മുകുന്ദന്‍, രഘുനാഥന്‍, വത്സന്‍, സദാനന്ദന്‍, അജയകുമാര്‍ എന്നിവര്‍ അച്ഛന്റെ പ്രവര്‍ത്തനവഴിയില്‍ എന്നും കൂടെ നടന്നു.