‘ജന്മനാ കൈകളില്ല’; കേരളത്തിൽ കാലിൽ വാക്‌സിൻ എടുത്ത ആദ്യ വ്യക്തിയായി പാലക്കാട് സ്വദേശി പ്രണവ്


പാലക്കാട്: ജന്മനാ ഇരുകൈകളുമില്ലെങ്കിലും തന്‍റെ ദൃഢനിശ്ചയം കൊണ്ട് ജീവിതത്തില്‍ പൊരുതി മുന്നേറുന്ന പാലക്കാട് സ്വദേശി പ്രണവ് എല്ലാവര്‍ക്കും മാതൃകയാണ്. ശാരീരികമായ വെല്ലുവിളികളെ അതീജീവിച്ച് സൈക്കിളോടിക്കുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്ന പ്രണവ് മലയാളികള്‍ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ കൊവിഡിനെ ചെറുക്കാനായി തന്‍റെ കാലുകളില്‍ വാക്സിന്‍ സ്വീകരിച്ച് മാതൃകയായിരിക്കുകയാണ് പ്രണവ്. കേരളത്തിൽ ആദ്യമായി കാലിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ച വ്യക്തിയാണ് പ്രണവ്.

ആലത്തൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ പ്രത്യേക അനുമതി നേടി ആലത്തൂർ പഴയ പൊലീസ് സ്റ്റേഷനിൽ വച്ചാണ് പ്രണവ് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചത്. കനത്തമഴയെ വകവെക്കാതെ സൈക്കിൾ ഓടിച്ചാണ് പ്രണവ് വാക്സിനെടുക്കാനെത്തിയത്. പ്രണവിന്‍റെ അച്ഛന്‍ ബാലസുബ്രഹ്മണ്യനും കൂടെ ഉണ്ടായിരുന്നു.

ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവിന്റെ ശരീരത്തിൽ എവിടെ വാക്‌സിൻ കുത്തിവയ്ക്കണമെന്ന് ആരോഗ്യപ്രവർത്തകർക്ക് സംശയമുണ്ടായിരുന്നു. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ പാലക്കാട് ഡിഎംഒ റീത്തയെ വിളിച്ചു വിവരം പറഞ്ഞു. ജില്ലയില്‍ കാലില്‍ വാക്സിന്‍ എടുത്ത ആരുമുണ്ടായിരുന്നില്ല, അതിനാല്‍ ഡിഎംഒ തിരുവനന്തപുരത്ത് ആരോഗ്യവകുപ്പില്‍ വിളിച്ച് ഇക്കാര്യം അന്വേഷിച്ചു. അപ്പോഴാണ് സംസ്ഥാനത്തു തന്നെ ആരും കാലില്‍ വാക്സിന്‍ എടുത്തിട്ടില്ലെന്നത് വ്യക്തമാകുന്നത്.

തുടര്‍ന്ന് ആരോഗ്യവിദഗ്ധരുമായി സംസാരിച്ച ശേഷം പ്രണവിന് കാലില്‍ വാക്സിന്‍ നല്‍കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആദ്യമായി കാലിൽ വാക്‌സിൻ സ്വീകരിച്ച വ്യക്തി എന്ന ബഹുമതിയും ചരിത്രത്തിലിടവും പ്രണവ് നേടി. വാക്സിൻ എടുക്കുന്നതിനു എതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് വൈകല്യങ്ങളെ അതിജീവിച്ചു കൊണ്ട് മുന്നേറുന്ന പ്രണവ്.

സൈക്കിളിലുള്ള തന്‍റെ യാത്രയും വാക്സിനെടുത്തുമെല്ലാം തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടണമെന്നാണ് പ്രണവിന്‍റെ ആഗ്രഹം. PvLoG Pranav എന്നാണ് യൂട്യൂബ് ചാനലിന്‍റെ പേര്. മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ തന്‍റെ ചാനല്‍ ഉദ്ഘാടനം ചെയ്താല്‍ ഏറെ സന്തോഷമെന്ന് പ്രണവ് പറയുന്നു. നേരത്തേ, കേരളം പ്രളയദുരിതത്തെ നേരിട്ടപ്പോള്‍ താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനം നടത്തി ലഭിച്ച പണം പ്രണവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.