അരിക്കുളത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നു


അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ജനവാസകേന്ദ്രത്തില്‍ മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിക്കാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ ജനരോഷമുയരുന്നു. ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ പി.കെ.പ്രിയേഷ് കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാനകാലത്ത് കളിസ്ഥലം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള കെട്ടിട നിര്‍മാണ നീക്കം എതിര്‍ക്കപ്പെടേണ്ടതാണെന്നും പഞ്ചായത്തിലെ മുഴുവന്‍ മാലിന്യങ്ങളും ഒരു സ്ഥലത്ത് കുന്നുകൂട്ടുന്നതിന് പകരം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

വര്‍ഷങ്ങളായി പൊതുപരിപാടികള്‍ക്കും കായിക വിനോദങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന സ്ഥലമാണിത്. ഇവിടെ മാലിന്യ സംഭരണ കേന്ദ്രം പണിയാനുള്ള മുന്‍ ഭരണ സമിതി നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ കാലാവധി തീരുന്നതിനു തൊട്ടുമുന്‍പ് പഴയ ഭരണസമിതി ജലസേചന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയില്‍ മാലിന്യ സംഭരണകേന്ദ്രവും വയോജന സംരക്ഷണ കേന്ദ്രവും വഴിയോരവിശ്രമകേന്ദ്രവും ഉള്‍പ്പെടെയുള്ള കെട്ടിട സമുച്ചയം പണിയാന്‍ തീരുമാനിക്കുകയായിരുന്നു.

ജനങ്ങളുടെ എതിര്‍പ്പ് പരിഗണിക്കാതെ കെട്ടിട സമുച്ചയം പണിയാനുള്ള പുതിയ ഭരണസമിതി നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വാര്‍ഡ് മെമ്പറുടെ അസാന്നിധ്യത്തില്‍ ഭരണ സമിതി എടുത്ത തീരുമാനം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്നും കര്‍മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ചടങ്ങില്‍ രാമചന്ദ്രന്‍ നീലാംബരി അധ്യക്ഷത വഹിച്ചു.സി.രാഘവന്‍ സ്വാഗതം പറഞ്ഞു.പ്രസാദ് ഇടപ്പള്ളി, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.സുഹൈല്‍, പി.സതീദേവി, കെ.കെ.ബാലന്‍, സി.രാമദാസ്, ഒ.കെ.ചന്ദന്‍ മാസ്റ്റര്‍, ദിനേശ് പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.അന്‍സാരി, പി.സനല്‍കുമാര്‍, വി.വി.എം.ബഷീര്‍ മാസ്റ്റര്‍, ടി.എം.പ്രതാപചന്ദ്രന്‍ ,മണി ഇടപ്പള്ളി, പി.എം.ഭാസ്‌ക്കരന്‍, ദിലീപ് പള്ളിക്കല്‍, മീത്തില്‍ സുകുമാരന്‍, സി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.