ജനറല്‍ വാര്‍ഡില്‍ പരമാവധി 2645 രൂപ, ഐസിയുവിന് 7800; കോവിഡ് ചികിത്സാനിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍, പുതിയ നിരക്കുകള്‍ അറിയാം
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് ഏകീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം പരമാവധി ഈടാക്കാവുന്നത് 2,645 രൂപ. എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ പരമാവധി 2,910 രൂപ വരെ ഈടാക്കാം.
എച്ച്ഡിയു നിരക്ക് എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ 4175ഉം മറ്റിടങ്ങളില്‍ 3795 രൂപയുമാക്കി. ഐസിയുവിന് എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ 7,800 രൂപയും മറ്റിടങ്ങളില്‍ 8580 രൂപയുമാക്കി. വെന്റിലേറ്റര്‍ ഐസിയുവിന് എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ 13,800ഉം മറ്റിടങ്ങളില്‍ 15,180 രൂപയുമാക്കി.
അതേ സമയം മിനിമം നിരക്കില്‍ സിടി സ്‌കാന്‍, എച്ച്ആര്‍സിടി തുടങ്ങിയ പരിശോധനകള്‍ ഉള്‍പ്പെടില്ല. റെംഡെസിവിര്‍ പോലുള്ള വിലയേറിയ മരുന്നുകളും മിനിമം നിരക്കില്‍ ഉള്‍പ്പെടില്ല. ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം രണ്ട് പിപിഇ കിറ്റുകളും ഐസിയുവില്‍ അഞ്ചെണ്ണവും ആണ് ഉപയോഗിക്കുക. മിനിമം നിരക്കില്‍ പെടാത്തവയ്ക്ക് പരമാവധി വിപണിവില (MRP) മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.