എല്‍ഡിഎഫ് യുഡിഎഫ് ചേരിതിരിവ്: ജനറല്‍ ബോഡി യോഗത്തില്‍ ഉന്തും തള്ളും; ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ പി.ടി.എ യോഗം അലങ്കോലമായി


പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം അലങ്കോലമായി. പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചത്.

എല്‍.ഡി.എഫും യു.ഡി.എഫും രണ്ടു വ്യത്യസ്ത പാനലുകള്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കാന്‍ ശ്രമിക്കവേ നിലവിലുള്ള ഒരു എക്‌സിക്യൂട്ടിവ് അംഗം മിനിറ്റ്‌സില്‍ ഒപ്പിടാന്‍ ശ്രമിച്ചപ്പോള്‍ അത് ഒരു വിഭാഗം അനുവദിച്ചില്ല. ഇദ്ദേഹം നേരത്തേതന്നെ യോഗത്തിനെത്തിയതാണെന്നും അതുകൊണ്ട് ഒപ്പിടാന്‍ അനുവദിക്കണമെന്നും മറുവിഭാഗം വാദിച്ചു. വാക്തര്‍ക്കം ഉന്തിലും തള്ളിലും കലാശിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ യോഗം പിരിച്ചുവിടുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ 150 ല്‍ അധികം രക്ഷിതാക്കള്‍ യോഗത്തില്‍ ഉണ്ടായിരുന്നു.

കോവിഡ് കാലമായതുകൊണ്ട് രണ്ടുവര്‍ഷം മുമ്പുള്ള പി.ടി.എ കമ്മിറ്റിയാണ് നിലവിലുണ്ടായിരുന്നത്. പുതിയ കമ്മിറ്റി നിലവില്‍ വരുമെന്ന് പ്രതീക്ഷിച്ച് നേരത്തേയുള്ള കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ ഇപ്പോള്‍ പി.ടി.എ കമ്മിറ്റി ഇല്ലാത്ത അവസ്ഥയാണ്. ഇത് സ്‌കൂളിനെ സംബന്ധിച്ച് ദോഷകരമാണ്. ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിലെല്ലാം പി.ടി.എ പ്രസിഡന്റിന് മുഖ്യ റോളുണ്ട്. 21 അംഗ പി.ടി.എ എക്‌സിക്യൂട്ടിവാണ് വേണ്ടത്. ഇതില്‍ 11 പേരാണ് രക്ഷിതാക്കളില്‍നിന്ന് തെരഞ്ഞെടുക്കേണ്ടത്.