ജനത്തെ പിഴിഞ്ഞ് ബിജെപി സർക്കാർ; ഇന്നും ഇന്ധന വില കൂട്ടി


കൊയിലാണ്ടി: പെട്രോളിനും ഡീസലിനും ഇന്നും വില വർദ്ധിപ്പിച്ചു. ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഫെബ്രുവരി 9 മുതൽ 13 വരെ തുടർച്ചയായി അഞ്ചു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് ഒരു രൂപ അറുപത്തിഒമ്പത് പൈസയും, ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ നാൽപത്തിഒമ്പത് പൈസയും വർദ്ധിച്ചു. അടുത്ത ദിവസങ്ങളിൽ ഉണ്ടായതിൽ ഏറ്റവും വലിയ വർദ്ധനയാണ് ഇന്നത്തേത്.

ഇന്നലെ ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയിരുന്നു. അതോടെ സംസ്ഥാനത്ത് പെട്രോളിന് 90 രൂപ കടന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്.

കോവിഡ് വാക്സിന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്‍വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇത്. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂൺ 6നാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു തുടങ്ങിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലീറ്ററിന് 80 രൂപ കടന്നത്.

ഇന്ധനവില എണ്ണ കമ്പനികൾ  ഒരു രൂപ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്.

ആഗോളതലത്തിൽ എണ്ണവിലയിൽ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്.

കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ലഭിക്കും.