ജനങ്ങൾ ജാഗ്രത പാലിക്കുക; കോഴിക്കോട് ജില്ലയില്‍ രാത്രിയോടെ മഴ ശക്തമാകും; ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്


കോഴിക്കോട്: ജില്ലയില്‍ രാത്രിയോടെ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലീമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിലും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ആറ് പേരുമാണ് മരിച്ചത്.

കൂട്ടിക്കലില്‍ രണ്ടിടത്തായി നടന്ന ഉരുള്‍പൊട്ടലില്‍ നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴ് കാണാതായതായി. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്. കൊക്കയാര്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്.