ജനങ്ങളെ നെഞ്ചോട് ചേര്‍ത്ത, ദുരിതത്തില്‍ കൂടെ നിന്ന കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ എസ്. സാംബശിവ റാവു പടിയിറങ്ങി; മറക്കില്ലൊരിക്കലും…
കോഴിക്കോട്: ജനകീയ ജില്ല കലക്ടർമാരെ ഏറെ കണ്ട കോഴിക്കോടിന് കിട്ടിയ വ്യത്യസ്തനായ ഭരണാധികാരിയായിരുന്നു എസ്. സാംബശിവ റാവു. ഐ.എ.എസിന്റെ പത്രാസില്ലാതെ, മാധ്യമങ്ങളിൽ പേര് വരാൻ ആഗ്രഹമില്ലാത്ത ജില്ല കലക്ടറായിരുന്നു സാംബശിവ. 2018ൽ സ്ഥാനമേറ്റത് മുതൽ ഗവ. സെക്രട്ടറിയായി പോകുന്നതുവരെ സ്തുത്യർഹമായ പ്രവർത്തനമായിരുന്നു ഇദ്ദേഹത്തിന്റേത്.
ജില്ലയിലെ ഭരണനിർവഹണത്തിെൻറ മുഴുവൻ കാര്യങ്ങളിലും ഇടപെടാൻ കഴിഞ്ഞതിനൊപ്പം ആരെയും പിണക്കാതെയുമായിരുന്നു പ്രവർത്തനം. വിവിധ സഹായപദ്ധതികൾ സാധാരണക്കാർക്ക് ലഭ്യമാകുമെന്നുറപ്പാക്കിയിരുന്നു. 2020ൽ കോവിഡ് ഒന്നാം തരംഗം മുതൽ സാംബശിവ റാവുവിന്റെ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധ നേടിയിരുന്നു. ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മറ്റും സജ്ജമാക്കിയ കോവിഡ് 19 ജാഗ്രത പോർട്ടൽ പിന്നീട് സംസ്ഥാനത്തിന്റെ സ്വന്തം പോർട്ടലായി മാറി.
പോർട്ടലിൽ ഒരുക്കിയ ഓക്സിജൻ വിതരണം സംബന്ധിച്ച ഹോസ്പിറ്റൽ മാനേജ്മെൻറ് ഓക്സിജൻ മൊഡ്യൂൾ സംവിധാനം രാജ്യശ്രദ്ധ പിടിച്ചുപറ്റി. സംവിധാനത്തിന്റെ പ്രവർത്തനമികവിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, മണിപ്പൂർ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ ജാഗ്രതാ ഹോസ്പിറ്റൽ മാനേജ്മെൻറ് ഓക്സിജൻ മൊഡ്യൂൾ സംവിധാനം ഉപയോഗിക്കുന്നതിനായി എൻ.ഐ.സി കോഴിക്കോടുമായി ബന്ധപ്പെട്ടിരുന്നു. എൻ.ഐ.സിയുടെ സഹായത്തോടെ ഉത്തരാഖണ്ഡിൽ ഈ മാതൃകയിൽ സംവിധാനം നടപ്പാക്കി. കലക്ടറുടെ നേതൃത്വത്തിൽ നാഷനൽ ഇൻഫർമാറ്റിക്സ് സെൻററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായാണ് 2020 മാർച്ച് 19ന് പോർട്ടൽ ആരംഭിച്ചത്.
കോവിഡ് രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്ക് സഹായം നൽകുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതും ലക്ഷ്യമിട്ടാണ് ജില്ല കലക്ടർ സാംബശിവ റാവുവിന്റെ മേൽനേട്ടത്തിൽ കോവിഡ് ജാഗ്രത പോർട്ടലിന് രൂപംനൽകിയത്.