ചോമ്പാല പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു
വടകര: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയ കോഴിക്കോട് ചോമ്പാല പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുഞ്ഞിപ്പള്ളിയില്‍ നിര്‍മ്മിച്ച സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏറെ സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ വിനോദ സഞ്ചാര കേന്ദ്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചോമ്പാല പോലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തികള്‍. 76 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. ശിശുസൗഹൃദകേന്ദ്രം ഉള്‍പ്പെടെ സ്റ്റേഷന്‍ ഓഫീസര്‍ക്കും , പ്രിന്‍സിപ്പല്‍ എസ് ഐക്കും പ്രത്യേകം മുറിയുമടക്കം എല്ലാ ആധുനിക സൗകര്യമുള്ള കെട്ടിടമാണ് ഇവിടെ നിര്‍മ്മിച്ചത്.
ഇരുനിലക്കെട്ടിടത്തില്‍ മുകള്‍ നിലയിലാണ് സിഐ ഓഫീസ്. താഴത്തെ നിലയില്‍ എസ്ഐ മുറിയും. റിക്കാര്‍ഡ് റൂം, ഇന്‍വെസ്റ്റിഗേഷന്‍ റൂം, ഡ്രസ്സിങ് റൂം, വനിതാ ജീവനക്കാര്‍ക്കുള്ള മുറികള്‍, ലോക്കപ്പ്, സ്വീകരണ മുറി, ശിശുസൗഹൃദ കേന്ദ്രം, പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ എല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലാ അതിര്‍ത്തിയായ സ്റ്റേഷനില്‍ വര്‍ഷത്തില്‍ എഴുന്നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ട്. തീരദേശ മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ ക്രമസമാധാന പാലനത്തിനായും, മാഹി മദ്യത്തിന്റെ അനധികൃത കടത്ത് തടയുന്നതിനും മറ്റും വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം. സ്റ്റേഷന്‍ സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ നിലവിലെ 24ല്‍ നിന്ന് 37 ജീവനക്കാര്‍ എന്ന ക്രമീകരണത്തിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സേന.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക