ചേർമലയിലെ നരിമഞ്ച മികച്ച ടൂറിസം കേന്ദ്രമാക്കും
പേരാമ്പ്ര : ചേർമലയിലെ നരിമഞ്ചയെന്നറിയപ്പെടുന്ന ഗുഹ പരിസരം മികച്ചടൂറിസം കേന്ദ്രമാക്കാൻ തീരുമാനം. ടി.പി. രാമകൃഷ്ണൻ എം.എൽ.എ., പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, ടൂറിസം പ്രമോഷൻ കൗൺസിലംഗം എസ്.കെ. സജീഷ് എന്നിവർ പഞ്ചായത്ത് അധികൃതർക്കൊപ്പം സ്ഥലം സന്ദർശിച്ച് ഇതിനുള്ള സാധ്യതകൾ ചർച്ചചെയ്തു. ഡി.ടി.പി.സി. യുടെ നേതൃത്വത്തിൽ ചേർമലയിൽ ആറ് കോടിയുടെ ടൂറിസം പദ്ധതിയുടെ പ്രൊപ്പോസൽ സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. അതിന് അനുബന്ധമായാണ് നരിമഞ്ചയുടെ സാധ്യതയും പ്രയോജനപ്പെടുത്തുന്നത്.
പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ ഫണ്ട് വകയിരുത്തിയാണ് ആദ്യഘട്ടത്തിൽ ചെങ്കല്ല് ഗുഹയ്ക്കുള്ളിൽ അടിഞ്ഞ മണ്ണ് നീക്കംചെയ്തത്. അതിനുശേഷം ഗുഹ വിനോദ സഞ്ചാരികൾക്ക് ഏറെ ആകർഷകമാകുമെന്ന് വ്യക്തമാകുകയും ചെയ്തു. എന്നാൽ ഗുഹയുടെ ചെറിയ ഭാഗത്തെ മണ്ണുമാത്രമാണ് ഇതിനകം നീക്കാനായത്. ഒരേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് ചെങ്കല്ലിന്റെ ഗുഹയെന്നാണ് കരുതുന്നത്.
കൂടുതൽ ഭാഗത്തെമണ്ണ് മാറ്റാൻ നടപടി സ്വീകരിക്കും. ഇതിനായി പുരാവസ്തു വകുപ്പിന്റേയോ ടൂറിസം വകുപ്പിന്റേയോ കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ ശ്രമംനടത്തും. ചേർമലയിലെ പദ്ധതിയുടെ സാധ്യതകൾ പുരാവസ്തു, ടൂറിസം വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യും. ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, പുരാവസ്തു വകുപ്പിലെ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജ്, പഞ്ചായത്തംഗം സി.എം. സജു എന്നിവരും എം.എൽ.എ.ക്കൊപ്പമുണ്ടായിരുന്നു.