ചേമഞ്ചേരിയിൽ സതി കിഴക്കയിൽ പ്രസിഡണ്ടാവും


ചേമഞ്ചേരി: മികച്ച വിജയം നേടി വീണ്ടും എൽ ഡി എഫിന് ഭരണം ലഭിച്ച ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ സതി കിഴക്കയിൽ പ്രസിഡണ്ടാവും എന്നാണ് സൂചന. ചേമഞ്ചേരി ഒന്നാം വാർഡിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപെട്ടത്. 2010 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇവർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സതി കിഴക്കയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

സി പി ഐ എം ചേമഞ്ചേരി ലോക്കൽ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ കൊയിലാണ്ടി ഏരിയ സെക്രട്ടറിയുമാണ് സതി കിഴക്കയിൽ.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പതിനാലാം വാർഡിൽ നിന്നും വിജയിച്ച പി.ശിവദാസനെയാണ് പരിഗണിക്കുന്നത്. സി പി ഐ എം വെങ്ങളം ലോക്കൽ കമ്മറ്റി അംഗവും, നിർമ്മാണ തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ ജോയിൻ സെക്രട്ടറിയുമാണ് ശിവദാസൻ. കൂടാതെ പത്താം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കാച്ചിയിൽ അജ്നഫിനെയും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഡി വൈ എഫ്ഐ വെങ്ങളം മേഖല സെക്രട്ടറിയും, സി പി ഐ എം വെങ്ങളം ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ അജ്നഫിന് 23 വയസ്സാണ് പ്രായം.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 20 സീറ്റിൽ 11 സീറ്റുകള്‍ നേടിയാണ് ഇടതു മുന്നണി തുടര്‍ ഭരണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഇടത് വലത് മുന്നണികള്‍ക്ക് 10 സീറ്റ് വീതം ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. എന്നാല്‍ ഭരണ സമിതിയുടെ കാലാവധി അവസാനിക്കും മുന്‍പ് എല്‍ജെഡി മുന്നണിയില്‍ എത്തിയതോടെ അംഗം സംഖ്യ 12 ആയിരുന്നു. ഇതില്‍ നിന്ന് ഒരു സീറ്റിന്റെ കുറവ് എല്‍ഡിഎഫിനുണ്ട്.

എല്‍ഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന 8,15 വാര്‍ഡുകള്‍ യുഡിഎഫും രണ്ടാം വാര്‍ഡ് ബിജെപിയും പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ അഞ്ച്, പതിനാറ് എന്നിവ എല്‍ഡിഎഫും പിടിച്ചു. മുസ്ലിം ലീഗ് കോട്ടയായ പത്തൊന്‍പതാം വാര്‍ഡില്‍ മത്സരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ടിന് വിജയിക്കാന്‍ കഴിഞ്ഞില്ല.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക