ചേമഞ്ചേരിയിലെ സി.പി.ഐ.എമ്മിനെ നയിക്കാന്‍ ശാലിനി ബാലകൃഷ്ണന്‍; ഇത് ചരിത്രം, കൊയിലാണ്ടിയിലെ ആദ്യ വനിതാ ലോക്കല്‍ സെക്രട്ടറി


കൊയിലാണ്ടി: സി.പി.ഐ.എം ചേമഞ്ചേരി ലോക്കല്‍ സെക്രട്ടറിയായി ശാലിനി ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. ചേമഞ്ചേരി കോച്ചേരി വയലില്‍ ഇന്ന് നടന്ന ലോക്കല്‍ സമ്മേളനത്തിലാണ് ശാലിനി ബാലകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

സി.പി.ഐ.എമ്മിന്റെ ചരിത്രത്തില്‍ കൊയിലാണ്ടി ഏരിയയിലെ ആദ്യ വനിതാ ലോക്കല്‍ സെകട്ടറിയായിരിക്കുകയാണ് ശാലിനി ബാലകൃഷ്ണന്‍. മികച്ച സംഘാടകയായ ശാലിനി ബാലകൃഷ്ണന്‍ കാഞ്ഞിലശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ഭരണ രംഗത്തും കഴിവ് തെളിയിച്ച ശേഷമാണ് ശാലിനിയെ തേടി ചേമഞ്ചേരി ലോക്കല്‍ സെക്രട്ടറി എന്ന പുതിയ ചുമതല എത്തിയത്.

സമ്മേളനം ജില്ല കമ്മറ്റി അംഗം കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദ്, കെ. രവീന്ദ്രന്‍, ടി.വി. ഗിരിജ, പി.ബാബുരാജ്, എം.നൗഫല്‍, സി.അശ്വനീദേവ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എം.പി. അശോകന്‍, കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍, ശാന്ത കളമുള്ളകങ്ങി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൂക്കാട് അങ്ങാടിയെ കീറിമുറിക്കരുതെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂക്കാട് അങ്ങാടിയില്‍ ട്രാഫിക്ക് ഐലന്റോ, അടിപ്പാതയോ നിര്‍മ്മിക്കണം. കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് സ്ഥലമുടമയ്ക്ക് നല്‍കുന്നതിന്റെ ഒരു വിഹിതമോ, സര്‍ക്കാര്‍ നിശ്ചയിച്ച ധനസഹായമോ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.