ചേമഞ്ചേരി സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗ്രാമ പഞ്ചായത്ത്


കൊയിലാണ്ടി: ത്രിതല പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന് വീണ്ടും പുരസ്കാര നിറവിൽ. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ് ചേമഞ്ചേരിയ്ക്ക് ലഭിച്ചത് 15 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. മൂന്ന് വര്‍ഷം തുടര്‍ച്ചയായി സ്വരാജ് ട്രോഫി നേടുന്ന പഞ്ചായത്താണ് ചേമഞ്ചേരി.

ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച പഞ്ചായത്തായും അതിനു തൊട്ട് മുന്‍പ് സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച പഞ്ചായത്തായും ചേമഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയുമാണ് അവാര്‍ഡ്.

പദ്ധതി നിര്‍വ്വഹണം, നികുതി പിരിവ്, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ നടത്തിപ്പ്, ശുചിത്വം, ഭിന്നശേഷി, വയോജനം, കുട്ടികള്‍ തുടങ്ങിയവരെ പരിഗണിക്കല്‍ തുടങ്ങി വ്യത്യസ്തമായ പദ്ധതികളുടെ നടത്തിപ്പ് പരിശോധിച്ചാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെടുന്നത്.

ചേമഞ്ചേരി പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സ്വരാജ് ട്രോഫിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലും മുന്‍ പ്രസിഡന്റ് അശോകന്‍ കോട്ടും പറഞ്ഞു. ഭിന്നഷേഷിക്കാര്‍,വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ അവാര്‍ഡിനായി പരിഗണിച്ചു.