ചേനോളി റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു
പേരാമ്പ്ര: ചേനോളി റോഡില്‍ അമ്പാളിത്താഴയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അമ്പാളിത്താഴ നന്മനകണ്ടി രാമകൃഷ്ണന്‍ നായര്‍ക്കാണ് (65) പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് പേരാമ്പ്രയിലേക്ക് യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ ബൈക്ക് നിയന്ത്രണം തെറ്റി കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുനര്‍നിര്‍മ്മാണം നടക്കുന്ന റോഡില്‍ ടെലഫോണ്‍ കേബിള്‍ പ്രവൃത്തിക്കായി ഒരു വശത്തെടുത്ത കുഴിയാണ് അപകടത്തിന് ഇടയാക്കിയത്.