ചേനോളി കണ്ണമ്പത്ത്പാറയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം; പരാതിയുമായി നാട്ടുകാര്‍


പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത്പാറയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന കണ്ണമ്പത്ത് പാറ ഭാഗം മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും താവളമായിമാറിയിരിക്കുകയാണ്. പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. പ്രശ്‌നത്തില്‍ നടപടിയാവശ്യപ്പെട്ട് നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.

കണ്ണമ്പത്ത് പാറയുടെ മുകളിലും സമീപത്തെ കുറ്റിക്കാടുള്ള സ്ഥലങ്ങളിലുമാണ് ലഹരി ഉപയോഗിക്കുന്നവരുടെ താവളം. നിരവധി മദ്യകുപ്പികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ചവര്‍ പ്രദേശത്തുനിന്ന് എടുത്ത് കൂട്ടിയത്. പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവാക്കള്‍ ഇവിടേക്ക് എത്തുന്നതായും നാട്ടുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ തെങ്ങുകളില്‍നിന്ന് കരിക്കുകള്‍ നശിപ്പിക്കപ്പെടുന്നുമുണ്ട്. നിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന പാറയ്ക്ക് മുകളിലെ കുളത്തിലെ ശുദ്ധജലം മലിനമാക്കുന്നതായും പരാതിയുണ്ട്.

വാല്യക്കോട് ഭാഗത്തുള്ള നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ അടപ്പ് തുറക്കുന്നുവെന്നതാണ് മറ്റൊരു ആക്ഷേപം. പൊന്‍പറ ഭാഗത്ത് ഒരുവീടിനുനേരേ അടുത്തിടെ കല്ലേറുമുണ്ടായിരുന്നു.