ചെറുവണ്ണൂർ ആയുർവേദ ആശുപത്രി നവീകരിക്കാന്‍ 35 ലക്ഷം രൂപയുടെ പദ്ധതി


പേരാമ്പ്ര : ചെറുവണ്ണൂർ സർക്കാർ ആയുർവേദ ആശുപത്രിക്ക് മുകൾനിലകൂടി നിർമിച്ച് വികസനത്തിന് വഴിയൊരുക്കുന്നു. നിലവിൽ കിടത്തിച്ചികിത്സ നടത്തുന്ന രണ്ടുനില കെട്ടിടത്തിന് മുകൾനിലയിലാണ് 35 ലക്ഷം രൂപ ചെലവിൽ പുതിയ നിർമിതി. അതോടെ കിടത്തിച്ചികിത്സയ്ക്ക് കൂടുതൽ സൗകര്യമൊരുക്കാനാകും.

ആയുഷ് വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുക. മൂന്നാം നില പണിയുന്നതോടെ ലിഫ്റ്റ് സൗകര്യംകൂടി ഏർപ്പെടുത്തേണ്ടിവരും. നിലവിൽ പത്തുകിടക്കകളാണ് ആശുപത്രിയിലുള്ളത്. കിടത്തിച്ചികിത്സ ആവശ്യമുള്ള ഒട്ടേറെ രോഗികൾ എത്തുന്നതിനാൽ കൂടുതൽ സൗകര്യം ഒരുക്കേണ്ടത് ആത്യാവശ്യമാണ്.

പേരാമ്പ്ര-വടകര റോഡിന് സമീപം യാത്രാസൗകര്യമുള്ള സ്ഥലത്തായതിനാൽ കൂടുതൽപേർ ചികിത്സതേടി ആശുപത്രിയിലെത്തുന്നുണ്ട്. ദിവസം നൂറോളം പേർ ഒ.പി.യിൽ വരും. രണ്ടു ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. ചെറുവണ്ണൂർ ഹോമിയോ ആശുപത്രി കെട്ടിടത്തിന് സമീപമായിരുന്നു എഴുപതുകളിൽ ആയുർവേദ ഡിസ്പെൻസറി തുടങ്ങിയത്. പിന്നീട് കുറെക്കാലം പഴമഠത്തിൽ എന്ന സ്ഥലത്തും കിടത്തിച്ചികിത്സ സൗകര്യത്തോടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. 20 വർഷംമുമ്പ് പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് കെട്ടിടം നിർമിക്കുകയായിരുന്നു. 2001-ൽ എം.പി. ഫണ്ട്‌ വിനിയോഗിച്ച് അനുബന്ധമായി കിടത്തിച്ചികിത്സയ്ക്ക് പുതിയ കെട്ടിടം നിർമിച്ചു. 2012-ൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ ഇതിന് മുകൾനിലയും പണിതു.

ഇപ്പോൾ ലഭിച്ച ആയുഷ് വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ഒ.പി. വിഭാഗത്തിന്റെ മുകളിൽ കെട്ടിടം നിർമിക്കാനാണ് ആദ്യം പരിഗണിച്ചത്. എന്നാൽ, ഇപ്പോഴുള്ള ഒ.പി. കെട്ടിടത്തിനുമുകളിൽ നിർമാണം ഉചിതമാകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ അഭിപ്രായപ്പെട്ടത്. ഇതേത്തുടർന്നാണ് കിടത്തിച്ചികിത്സയുള്ള കെട്ടിടത്തിന് മുകൾനില പണിയാൻ തീരുമാനമായത്.

ഒ.പി. കെട്ടിടം പൊളിച്ച് പുതിയ ബഹുനിലക്കെട്ടിടം നിർമിക്കുന്ന സമഗ്രവികസനപദ്ധതിയും പരിഗണനയിലുണ്ട്. അടുത്തിടെ ആശുപത്രി സന്ദർശിച്ച ടി.പി. രാമകൃഷ്ണൻ എം.എൽ.എ.യും ആശുപത്രിവികസനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അടുത്തിടെ യോഗം ചേർന്ന് മാസ്റ്റർപ്ലാൻ പ്രകാരം സമഗ്രവികസനം നടപ്പാക്കാൻ തീരുമാനവുമെടുത്തു. മാസ്റ്റർപ്ലാൻ തയ്യാറാക്കാനായി മെഡിക്കൽ ഓഫീസർ ചെറുവണ്ണൂർ പഞ്ചായത്തിന് കത്തും നൽകി.

പഴയകാലത്തെക്കാൾ കൂടുതൽ പദ്ധതികൾ ആശുപത്രിയിൽ നടപ്പാക്കാൻ തുടങ്ങിയതോടെ കൂടുതൽ മരുന്നുകളും ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം സൂക്ഷിക്കാൻ പുതിയൊരു സ്റ്റോർ മുറിയും നിർമിക്കണം. പേവാർഡുൾപ്പെടെ ഒരുക്കിയാൽ കിടത്തിച്ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് കൂടുതൽ സഹായകമാകും.