ചെറുവണ്ണൂര്‍ കൃഷിഭവനില്‍ ജീവനക്കാരില്ല; താളംതെറ്റി ഓഫിസ് പ്രവര്‍ത്തനം, കര്‍ഷക മോര്‍ച്ചയുടെ പ്രതിഷേധ ധര്‍ണ്ണ
പേരാമ്പ്ര: ചെറുവണ്ണൂര്‍ കൃഷിഭവനില്‍ ആവശ്വത്തിന് ജീവനക്കാരെ നിയമിക്കണമെന്നും പ്രകൃതിക്ഷോഭ നഷ്ടപരിഹാരം തുക ഉടന്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ കൃഷിഭവനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കൃഷിഭവനില്‍ അഞ്ച് ജീവനക്കാരില്‍ കൃഷി ഓഫിസറടക്കം മൂന്ന് ജീവനക്കാരുടെ ഒഴിവുണ്ട്. ജീവനക്കാരില്ലാത്തതിനാല്‍ ഓഫിസ് പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്.
ധര്‍ണ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്രി കെ കെ രജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കൃഷിഭവനില്‍ എഴുപതിലധികം കൃഷി അസിസ്റ്റന്റിന്റെയും , ഇരുപതിലധികം കൃഷി ഓഫിസറുടെയും ഒഴിവു നിലവിലുണ്ടെന്നും പി എസ് സിയെ നോക്കുകുത്തിയാക്കി പിന്‍വാതിലുടെ നിയമിക്കാനുളള ഗുഢ നീക്കമാണ് ഇതിന് പിന്നിലെന്ന് കെ.കെ രജീഷ് ആരോപിച്ചു.
ചടങ്ങില്‍ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് ഇ . പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രദീപന്‍ , ടി കെ രജീഷ്, എം.പ്രകാശന്‍ . ടി പി ദാമോധരന്‍, ബിനിഷ് എടവരാട്, ടി.എം ഹരിദാസന്‍ ,സനു ലാല്‍ ആഞ്ജനേയ,ബാബു മരുതിയാട്ട്, സുനീഷ് എന്നിവര്‍ പ്രസംഗിച്ചു.