ചെറുവണ്ണൂരില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്


പേരാമ്പ്ര: ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ് മാതൃകയായി. ചെറുവണ്ണൂര്‍ കാരയില്‍ നടയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെയാണ് ചെറിയ കണ്ണങ്കോട്ട് നിസാര്‍ വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയത്.

പയ്യോളിയില്‍ നിന്നും ബന്ധു വീട്ടില്‍ വന്നതായിരുന്നു കുട്ടി. കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നു പോവുകയായിരുന്ന എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍ നിസാര്‍ സംഭവം കാണുകയും ഉടനെ തന്നെ വെള്ളത്തിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. യുവാവിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനിടയാക്കിയത്.

യുവാവിന്റെ ധീരപ്രവൃത്തിയെ ആവള ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ യോഗം അനുമോദിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി രാധയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ, എം.കുഞ്ഞമ്മദ് മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ബാബു പയ്യത്ത് എന്നിവര്‍ സംസാരിച്ചു.

യുവാവിന്റെ ധീര പ്രവൃത്തിയെ കുട്ടോത്ത് യൂനിറ്റ് മുസ്ലിം ജമാഅത്ത്, എസ്.എസ്.എഫ്, എസ്.വൈ.എസ് സംയുക്ത യോഗവും അനുമോദിച്ചു. കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി.ടി.കെ, അമ്മത് ഹാജി, എം.മുഹമ്മദ് സഖാഫി, എം.എം അഹ്‌മദ്, എന്‍ മുഹമ്മദ് മുസ്ല്യാര്‍, എ.കെ അസീസ്, നവാസ് സി.കെ, റഫീഖ് കെ.സി തുടങ്ങിയവര്‍ സംസാരിച്ചു.