ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ഉളളവര്‍ അന്ന് ചങ്കായി കൂടെ നിന്നു; പേരാമ്പ്രയിലെ കന്നി അങ്കത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിന്‍


പേരാമ്പ്ര: ഇടുക്കിയിലെ ജനപ്രതിനിധിയായ മന്ത്രി റോഷി അഗസ്റ്റിന് പേരാമ്പ്രയും പരിസരപ്രദേശങ്ങളുമായും ഏറെ അടുപ്പമാണ്. കാല്‍നൂറ്റാണ്ട് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പേരാമ്പ്രയിലെത്തിയ റോഷി അഗസ്റ്റിന് ഇന്നും കോഴിക്കോട് നിറയെ സൗഹൃദങ്ങളാണ്.

പൂളക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടന വേദി പരിസരം അത്തരമൊരു സൗഹൃദവേദിയായി. ഒട്ടേറെപ്പേരാണ് മന്ത്രിയുമായി സൗഹൃദം പങ്കുവെക്കാനെത്തിയത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മത്സരിച്ചപ്പോള്‍ പ്രതിഫലമില്ലാതെ പോസ്റ്റര്‍ രൂപകല്പന ചെയ്ത പേരാമ്പ്ര സ്വദേശി സായന്ത് കോരനെ ആദ്യമായി നേരില്‍ കണ്ടതിന്റെ അനുഭവം മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

1996 ല്‍ പേരാമ്പ്രയില്‍ കന്നി അങ്കത്തിന് ഇറങ്ങുമ്പോള്‍ എനിക്ക് 26 വയസ്സ്. മണ്ഡലവും ആയി വലിയ പരിചയം ഒന്നും ഇല്ല. എങ്കിലും അന്നാട്ടിലെ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ഉളളവര്‍ ചങ്ക് ആയി കൂടെ നിന്നു. ഫലം വന്നപ്പോള്‍ എതാണ്ട് 1500 ന് അടുക്കല്‍ വോട്ടുകള്‍ക്ക് തോല്‍വി.

പേരാമ്പ്ര മുന്‍ എംഎല്‍എയും സി.പി.എം നേതാവുമായ എ.എ പത്മനാഭന്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ ഇങ്ങനെ കുറിച്ചു- അന്ന് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച തനിക്ക് എതിര്‍ചേരിയിലുള്ള റോഷിയുടെ ചുറുചുറുക്കുള്ള പ്രവര്‍ത്തനത്തോട് മതിപ്പായിരുന്നു.