ചെറുപുഴയ്ക്ക് ഇനി പുതുജീവൻ; പുഴ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തി തുടങ്ങി


കൊയിലാണ്ടി: കീഴരിയൂര്‍,തുറയൂര്‍ പഞ്ചായത്തില്‍ വ്യാപിച്ചു കിടക്കുന്ന ചെറുപുഴ വീണ്ടെടുത്ത് സംരക്ഷിക്കുന്നതിനും പുഴയോടനുബന്ധിച്ചുള്ള പാടശേഖരം പൂര്‍ണ്ണതോതില്‍ കൃഷിയോഗ്യമാക്കുന്നതിനുമുള്ള വിപുലമായ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി തുടങ്ങി. രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ പുഴയില്‍ അടിഞ്ഞ് കൂടിയ ചെളിയും മാലിന്യങ്ങളും പുല്ലും പായലും യന്ത്ര സഹായത്തോടെ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ തുടങ്ങിയത്.

പുഴയോട് ചേര്‍ന്നു കിടക്കുന്ന തോടുകള്‍ പുനര്‍നിര്‍മ്മിക്കുന്ന പ്രവര്‍ത്തനവും ഇതോടൊപ്പം നടത്തുന്നുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മലയും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

രണ്ടാംഘട്ടത്തില്‍ പാടശേഖത്തില്‍ അധികമായി വരുന്ന വെള്ളം അകലാപ്പുഴയിലേക്ക് ഒഴുക്കുന്നതിനായുള്ള പുളിച്ച് നട കനാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. പാടശേഖരത്തിന് ചുറ്റും കൈത്തോടും നിര്‍മ്മിക്കും.

പാടശേഖരത്തില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിച്ച് വെക്കുന്നതിനുള്ള കുളം നിര്‍മ്മാണം, പാടശേഖരത്തിലെ ഉയര്‍ന്ന ഭാഗത്ത് കുറ്റ്യാടി ഇറിഗേഷന്റെ ബ്രാഞ്ച് കനാലില്‍നിന്ന് വെള്ളമെത്തിക്കുന്നതിനുള്ള ഇന്നര്‍ കനാല്‍ നിര്‍മ്മാണം, നടക്കല്‍ ഭാഗത്തെ വി.സി.ബി മാറ്റി മെക്കാനിക്കല്‍ ഷട്ടര്‍ നിര്‍മ്മാണം, ചെറുപുഴയിലേക്ക് കുലുപ്പ വയലില്‍ നിന്നും വെള്ളമൊഴുകിവരുന്ന ചിറ്റടിത്തോടിലെ കയ്യേറ്റം ഒഴിപ്പിച്ച് ആഴവും വീതിയും കൂട്ടല്‍ എന്നി പ്രവര്‍ത്തികളും രണ്ടാം ഘട്ടത്തില്‍ നടക്കും.

കേരള കാര്‍ഷിക സര്‍വ്വകലാ ഉത്തരമേഖല പഠനവിഭാഗം മേധാവി ഡോ. ടി.വനജയുടെയും കേരള അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ മിഷന്‍ സി.ഇ.ഒ ഡോ. ജയകുമാറിന്റെയും നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്.പദ്ധതി പൂര്‍ത്തിയാവുന്നതോടെ കീഴരിയൂര്‍ തുറയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ചെറുപുഴ പാടശേഖരത്തിലെ 200 ഹെക്ടറിലും കീഴരിയൂര്‍ പഞ്ചായത്തിലെ ഇല്ലത്ത് താഴ പാറോത്താഴ പാടശേഖരത്തിലായ് എട്ട് ഹെക്റ്ററും നെല്‍കൃഷി യോഗ്യമാക്കാന്‍ സാധിക്കും.

പുഴയിലും പുഴയിലെ കനാലുകളിലും തോടുകളിലുമായ് 46 ഹെക്റ്റര്‍ സ്ഥലത്ത് മത്സ്യ കൃഷി ചെയ്യുന്നതിനും ഇതോടൊപ്പം കഴിയുമെന്നും ഡോ. ടി.വനജ അറിയിച്ചു. രണ്ടാംഘട്ട പദ്ധതി പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായും ഡോ. വനജ അറിയിച്ചു.

ഈ പദ്ധതി പൂര്‍ത്തിയാവുന്നതിനോടൊപ്പം തന്നെ ചെറുപുഴയിലെ തുരുത്തുകളും പുഴയുടെ തീരങ്ങളും ചെറുപുഴയോട് ചേര്‍ന്ന പൊടിയാടി, കേളോത്ത് കെട്ട്, കല്ലോട് കല്ല് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ടൂറിസം പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല പറഞ്ഞു.