ചെമ്പനോടയിൽ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന കരിങ്കൽ ക്വാറിയിൽ റവന്യൂ സംഘത്തിന്റെ മിന്നൽ പരിശോധന; വാഹനങ്ങൾ പിടിച്ചെടുത്തു
പേരാമ്പ്ര: ചെമ്പനോടയിൽ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന കരിങ്കൽ ക്വാറിയിൽ റവന്യൂ സംഘം പരിശോധന നടത്തി. യാതൊരു രേഖകളുമില്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറിയിലാണ് പരിശോധന നടത്തിയത്. ഇവിടെ ഖനനത്തിന് ഉപയോഗിച്ചിരുന്ന ഹിറ്റാച്ചി, മൂന്ന് ടിപ്പർ ലോറികൾ എന്നിവ കസ്റ്റഡിയിലെടുത്തു.
കൊയിലാണ്ടി താലൂക്കിൽ ചെമ്പനോട വില്ലേജിലെ ആലമ്പാറ റോഡിന് സമീപം പ്രവർത്തിച്ച് വന്നിരുന്ന ക്വാറിയിലാണ് പരിശോധന നടന്നത്. കൊയിലാണ്ടി തഹസിൽദാർ സി.പി.മണിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് പരിശോധന നടത്തിയത്. ക്വാറിയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ചെമ്പനോട വില്ലേജ് ഓഫീസർക്ക് തഹസിൽദാർ നിർദേശം നൽകി.
വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജിയോളജി വകുപ്പിന് തുടർ നടപടികൾക്കായി നിർദ്ദേശം നൽകുമെന്ന് തഹസിൽദാർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് ഓഫീസ് ജീവനക്കാരായ ഷിജു ടി, ജോഷി ജോസ്, ലിതേഷ് സി.പി, ശരത് രാജ് എന്നിവർ പങ്കെടുത്തു.