ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ചതില്‍ വിജയ ജ്വാല തെളിയിച്ച് സമര സമിതി പ്രവര്‍ത്തകര്‍


പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി അപേക്ഷ നിരസിക്കാന്‍ സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി ശിപാര്‍ശ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സമര സമിതി പ്രവര്‍ത്തകര്‍ വീടുകളില്‍ വിജയ ജ്വാല തെളിയിച്ചു. പടക്കം പൊട്ടിച്ചും നിളനീര്‍ പൂവ് കത്തിച്ചുമെല്ലാം വര്‍ണാഭമായിരുന്നു ആഘോഷം. സമര ഭടന്‍മാര്‍ രാത്രി ചെങ്ങോടുമലക്ക് സമീപമുള്ള വേയപ്പാറ കയറി അവിടെ നിന്നാണ് ജ്വാല തെളിയിച്ചത്.

ബാലുശ്ശേരിക്കടുത്തുള്ള കോട്ടൂരിലെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോട് മലയില്‍ ഖനനം പാടില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ പ്രദേശത്ത് ഗ്രാനൈറ്റ് ക്വാറി തുടങ്ങാനുള്ള ഡെല്‍റ്റ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. വിദഗ്ധസമിതിയ്ക്കു കീഴിലുള്ള ഏഴംഗ സബ് കമ്മിറ്റി പ്രദേശം സന്ദര്‍ശിച്ചു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്വാറിയ്ക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചത്. ചെങ്ങോട്ട് മല പരിസ്ഥിതി ലോല പ്രദേശമാണെന്നും അവിടെ ക്വാറി തുടങ്ങുന്നത് ഉരുള്‍പൊട്ടല്‍ അടക്കമുള്ള ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നുമാണ് വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി നാട്ടുകാര്‍ ഖനന നീക്കത്തിനെതിരെ നിരന്തര സമരത്തിലായിരുന്നു.

കവി വീരാന്‍ കുട്ടി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന ജന: സെക്രട്ടറി രാധന്‍ മൂലാട്, ഗ്ലോബ് ദേശീയ പരിശീലകന്‍ കെ.എം. നസീര്‍, ഗ്രാമ പഞ്ചായത്തംഗം ടി.പി.ഉഷ, സീനിയര്‍ സിറ്റിസണ്‍സ് ഫോറം നേതാവ് പി.കെ.ശശിധരന്‍ തുടങ്ങിയവര്‍ സമരത്തിലണിനിരന്നു. ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജ്വാല തെളിയിച്ചു.

ലിനീഷ് നരയംകുളം, ജയരാജന്‍ കല്പകശ്ശേരി, സുരേഷ് ചീനിക്കല്‍, ടി.കെ. ബാലന്‍ മൂലാട്, ബിജു കൊളക്കണ്ടി, എരഞ്ഞോളി ബാലന്‍ നായര്‍, മനോജ് കണ്ടിയില്‍, ജോബി ചോലക്കല്‍, സി.എം.സി ബിജു, സുരേന്ദ്രന്‍ വയപ്പുറത്ത് മീത്തല്‍, പ്രവീഷ് തിരുവോട്ടുകണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.