ചെങ്ങോടുമല ഖനനം: പാരിസ്ഥിതികാനുമതി നൽകിയാൽ സമരമെന്ന് സർവകക്ഷി യോഗം


പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കിയാല്‍ ശക്തമായ സമരം നടത്താന്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ക്വാറി കമ്പനി നല്‍കിയ മൈനിംഗില്‍ പ്ലാനില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ട്. ചെങ്ങോടുമലയില്‍ ബൃഹത്തായ കുടിവെള്ള പദ്ധതി തുടങ്ങാന്‍ ഭൂമി അക്വയര്‍ ചെയ്യാനുള്ള നടപടി പഞ്ചായത്ത് ആരംഭിച്ചിരിക്കുകയാണ്.

കൂടാതെ ഇവിടെ ക്വാറി വന്നാലുണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നിരവധി പഠന റിപ്പോര്‍ട്ടുകളില്‍ വിവരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ക്വാറി അനുവദിക്കില്ലെന്നാണ് സര്‍വ്വകക്ഷി യോഗം വ്യക്തമാക്കിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു.

രാധന്‍ മൂലാട്, ടി. ഷാജു, സി. എച്ച്. സുരേന്ദ്രന്‍, എം. ചന്ദ്രന്‍, കെ. കെ. അബൂബക്കര്‍, സജി പാറക്കല്‍, അസ്സന്‍കോയ, സുരേഷ് ചീനിക്കല്‍, ജയരാജന്‍ കല്പകശ്ശേരി, ടി. കെ. ബാലന്‍ മൂലാട് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ മാസം 23 ന് സിയാക് വിദഗ്ധ സംഘം ചെങ്ങോടുമല സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് അടുത്ത് തന്നെ വരാനിരിക്കെയാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പഞ്ചായത്ത് നേതൃത്വത്തില്‍ സമരത്തിനൊരുങ്ങുന്നത്.