ചുമയും ജലദോഷവും മാറ്റാന്‍ വീട്ടില്‍ ചിലപരിഹാര മാര്‍ഗങ്ങള്‍; വിശദമായി അറിയാം


പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ചിലതാണ് ചുമയും ജലദോഷവും. കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ പോലും പലരിലും ചുമയ്ക്കും ജലദോഷത്തിനും കാരണമാവുന്നു. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. ചുമ തുടങ്ങിയാല്‍ പിന്നെ പുറമെ ജലദോഷവും പനിയുമൊക്കെ കൂട്ടായി വന്നോളും. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പക്ഷെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിച്ചേക്കാം.

ചുമയുടെയും ജലദോഷത്തിന്റെയുമൊക്കെ ആരംഭമാണെങ്കില്‍ നേരത്തെ വീട്ടില്‍ തന്നെ ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാവുന്നതാണ്. ചുമയും ജലദോഷവും കുറയ്ക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകള്‍ നോക്കാം.

തുളസി

തുളസിയിലയും ഇഞ്ചിയും ചേര്‍ത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം അല്‍പ്പം നാരങ്ങ നീരും കൂടി ചേര്‍ത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാന്‍ വളരെയധികം സഹായിക്കും.

പനിക്കൂര്‍ക്ക

നിക്കൂര്‍ക്കയുടെ ഇല രണ്ടു മൂന്നെണ്ണം എടുത്ത് ഒന്നര ഗ്ലാസ് വെള്ളത്തില്‍ ഇടുക. ചെറിയ കഷ്ണങ്ങളാക്കി പിച്ചിയിടുക. ഇതിലെ ഗുണം പെട്ടെന്ന് വെള്ളത്തിലേയ്ക്കിറങ്ങാനാണിത്. ഇത് നല്ലതു പോലെ തിളപ്പിയ്ക്കുക. ഒരു ഗ്ലാസ് വെള്ളമായി ഇതു കുറയണം. രാത്രി ഇതു തിളപ്പിച്ച് ഇതില്‍ ഒരു ടീസ്പൂണ്‍ പനംകല്‍ക്കണ്ടം ഇട്ട് അടച്ചു വയ്ക്കുക. ഇതില്‍ പിറ്റേന്ന് രാവിലെയാകുമ്പോഴേയ്ക്കും പനംകല്‍ക്കണ്ടം മുഴുവന്‍ അലിഞ്ഞു ചേരും. ഇത് വെറും വയറ്റില്‍ കുടിയ്ക്കുന്നത് കഫക്കെട്ടിന് ഏറെ നല്ലൊരു മരുന്നാണ്.

തേന്‍

വ്യത്യസ്തമായ പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണ് തേന്‍. ധാരാളം ഔഷധ ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ഒരു നുള്ളു ഇഞ്ചിനീര് ഒരു നുള്ളു തേനില്‍ കലര്‍ത്തി രാവിലെയും രാത്രിയും രണ്ടുനേരം കഴിക്കുന്നത് ജലദോഷവും ചുമയും നിയന്ത്രിക്കും.

കറുവപ്പട്ട

കറുവാപ്പട്ട ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഈ കറുവപ്പട്ട കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും. കറുവാപ്പട്ട പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ജലദോഷവും ചുമയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കറുവാപ്പട്ട പൊടിച്ച് 2 കപ്പ് വെള്ളം ചേര്‍ത്ത് ഒരു പാത്രത്തില്‍ തിളപ്പിച്ച് ചായയായി കഴിക്കുന്നത് ജലദോഷം, ചുമ, പനി എന്നിവ മാറാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും നല്ലതാണ്.

ഇഞ്ചി

അടുക്കളയില്‍ വളരെ സുലഭമായി കണ്ടുവരുന്നതാണ് ഇഞ്ചി. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ ചുമ മാറാന്‍ ഏറെ നല്ലതാണ്. അതുപോലെ ജലോദഷം കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ചൂട് ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.

വെളുത്തുള്ളി

ധാരാളം ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ഇത് കഴിക്കുന്നത് ചുമയ്ക്കും ജലോദഷത്തിനും ശമനം നല്‍കാന്‍ സഹായിക്കും. വെളുത്തുള്ളി ചതച്ച് തേനിനൊപ്പം കഴിക്കാവുന്നതാണ്. അതുപോലെ കറികളില്‍ കുറച്ച് അധികം വെളുത്തുള്ളി ചേര്‍ക്കുന്നതും ചുമയും ജലദോഷവുമൊക്കെ കുറയ്ക്കാന്‍ ഏറെ സഹായിക്കും.

summary: some home remedies for cough and cold