ചീതൾവാക്കിൽ നിന്നുള്ള കുറിപ്പുകൾ; എൻ.എ നസീർ എഴുതിയ കാടനുഭവം വായിക്കാം


എൻ.എ.നസീർ

ചീതൾവാക്കിന്റെ പിന്നിലേക്ക് നടന്നാൽ മുളംകാടുകളിലാണ് എത്തുക. ആകാശമേലാപ്പ് മുളം കൂട്ടങ്ങൾ മൂടിയതുകൊണ്ടാകണം എല്ലായ്പ്പോഴും അവിടം ഇരുൾ മൂടിയിരിക്കും. ആനകൾ യഥേഷ്ടം കാണും. അവർക്കവിടം ഏറ്റവും പ്രിയങ്കരമാണ്. കടുത്ത വേനലിൽ കൊമ്പന്മാർ മുളയിലമെത്തയിൽ കിടന്നുറങ്ങുന്നത് ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

വളരെ സൂക്ഷിച്ചാണ് അങ്ങോട്ടുള്ള സഞ്ചാരങ്ങൾ. ആനകളുടെ ഉറക്കറയും പ്രസവ അറയും അത് തന്നെ. എനിക്കും ജലീലിനും ആനകളുടെ നീക്കത്തിനനുസരിച്ച് എങ്ങോട്ടെല്ലാം മാറണമെന്ന് നിശ്ചയമുണ്ട്. അവ ഒരിക്കലും അക്രമാസക്തരായിട്ടില്ല.

ഈ പ്രാവശ്യം ജലീലിന് ഇങ്ങോട്ട് വന്നു ചേരാനായില്ല. (ഇപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് കൊറോണയാണല്ലൊ!)

2 ദിവസം മുമ്പ് മൂന്ന് കൊമ്പന്മാരുടെ ബലപരീക്ഷണങ്ങൾ പകർത്തിയിരുന്നു.

അവയെ തേടിയായിരുന്നു ഈ ഏകാന്ത നടത്തം. മുളംകാടുകൾ ഞെരിഞ്ഞമരുന്ന ശബ്ദങ്ങൾ…. മുളയനക്കങ്ങൾക്കിടയിൽ പാലഴകിന്റെ കൊമ്പു തിളക്കങ്ങൾ…

നല്ല ഒരു ചിത്രത്തിനുള്ള അവസരങ്ങൾ ഒന്നും അവിടെ കണ്ടില്ല. എങ്കിലും കുറച്ചുനേരം അദൃശ്യരായും ദൃശ്യരായും വന്ന അവയെ നോക്കി നിന്നു.

മുളംകാടുകൾക്കിടയിലൂടെ തറയിൽ ഒരു വലിയ കിടങ്ങുപോലെ നിണ്ടു കിടക്കുന്ന പിളർപ്പുണ്ട്. അതിലിറങ്ങി സഞ്ചരിച്ചാൽ കടുവയുടേയും കാട്ടുനായ്ക്കളുടേയും ഹൈനയുടേയും മാനുകളുടേയും ആനയുടേയുമെല്ലാം കാലടയാളങ്ങൾ കാണാം. ചിലപ്പോൾ വലിയ ഇഞ്ച പടർപ്പുകൾ ആന വലിച്ചിട്ട് തിന്നതിന്റെ ബാക്കിയും കാണാം.

കാട്ടുനായ്ക്കളും ഹൈനയും ഇത്തരം ഇടങ്ങളിൽ മണ്ണ് തുരന്ന് മാളങ്ങളിൽ കുട്ടികളെ വളർത്തുവാൻ തിരഞ്ഞെടുക്കാറുണ്ട്. ഇവിടത്തെ കാടുകളിൽ ഇത്തരം വിള്ളലുകൾ ധാരാളം ഉണ്ട്. ഭൂമി പിളർന്നതു പോലെ തോന്നും. അത്യന്തം ചൂടുള്ള സമയങ്ങളിൽ ഇതിലൂടെ സഞ്ചരിക്കുവാൻ സുഖകരമാണ്. വർഷ കാലത്ത് പുഴ പോലെയായിരിക്കും ഇതിലൂടെ വെള്ളപ്പാച്ചിൽ.

ഞാൻ നടന്നു ചെന്നുചേർന്നത് സിഗൂർ പുഴക്കരുകിൽ. ഉരുളൻ പാറകളിൽ തട്ടി ചിന്നിചിതറി ആ കാട്ടരുവി ഒഴുകുകയാണ്. വെള്ളത്തിന് കലങ്ങിയ മൺനിറമാണ്. എവിടെയും ആന പിണ്ഡങ്ങൾ. അവയിൽ പലതും പുതിയവയും.

ഒരിക്കൽ പറമ്പിക്കുളത്തുവച്ച് ആന പിണ്ടങ്ങളിലെ വണ്ടിനെ തിരഞ്ഞ് അതുടച്ചു നോക്കിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന ഡൽഹിയിൽ നിന്നും എത്തിയ ഫോട്ടോഗ്രാഫറായ സുഹൃത്ത് മുഖം ചുളിക്കുകയും മൂക്ക് പൊത്തുകയും ഉണ്ടായി.

“നഗരത്തെപോലെ വൃത്തിഹീനമെന്ന് നിങ്ങൾ കാടിനെ ധരിക്കരുത്. ഇത് ഭൂമിയിലെ ഏറ്റവും വിശുദ്ധമായ ഇടമാണ് എന്നോർക്കുക.” ഞാൻ തിരുത്തി.

2011 ലെ ഒരു വേനലിലെ മദ്ധ്യാഹത്തിൽ ചൂടിൽ നിന്നും കുളിരു തേടി ഈ സീഗുർ അരുവിയിൽ കിടന്ന ഒരു കടുവയുടെ ചിത്രം പകർത്തിയത് ഓർമ്മയിൽ മങ്ങാതെയുണ്ട്.

എൻ.എ.നസീർ

തറയാകെ ഇന്നലെ പെയ്ത മഴയിൽ നനവാർന്നു കിടന്നു. മുളം കാടുകൾക്കും പുഴയോരത്തെ വൃക്ഷങ്ങൾക്കിടയിലൂടെയും നേർത്ത ചുവപ്പു കലർന്ന പ്രഭാത കിരണങ്ങൾ പുഴയിലേക്ക് വീണുകിടക്കുന്നു.പുഴയുടെ ശബ്ദം കാരണം പക്ഷിപാട്ടുകളൊന്നും ഞാൻ കേട്ടില്ല.

അപ്പോഴാണ് മറുവശത്തെ കാടിറങ്ങി ഒരു കരടി പുഴയോരത്ത് എത്തിയത്. അതല്പം വെള്ളം കുടിച്ചു പിന്നെ പുഴ മുറിച്ചു കടക്കുന്ന ശ്രമത്തിലായി. അതും നല്ല വേഗതയോടെ. എനിക്ക് കുറച്ചു മുന്നിലായി അത് കരയിൽ കയറുകയും വേഗതയോടെ മറയുകയും ചെയ്തു. ക്യാമറയിൽ എങ്ങനെയായിരിക്കും ചിത്രങ്ങൾ പതിഞ്ഞതെന്ന് നോക്കുമ്പോഴേക്കും അതാ മറ്റൊരു കരടിയും അതുപോലെ പുഴകടക്കുവാൻ എത്തുന്നു!

ഞാനാകെ മോഹാന്ധനായ പോലെ!

ചിത്രം: എൻ.എ നസീർ

എന്റെ മുന്നിലെ സ്വർണ്ണ വർണ്ണം പൂണ്ട് പുഴ അപ്പോഴും കളകളാരവത്തോടെ ഒഴുകികൊണ്ടിരുന്നു.
കരടികളെ കുറിച്ചോർക്കുമ്പോൾ നെൽസൺ സാറിനെയാണോർമ്മ വരിക. അദ്ദേഹം പറമ്പിക്കുളം വൈൽഡ് ലൈഫ് അസിസ്റ്റന്റായിരിക്കുമ്പോഴാണ് ഞാൻ പരിചയപ്പെടുന്നത്. കരടികളെ പ്രണയിക്കാൻ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഏറ്റവും കൂടുതൽ എന്റെ ക്യാമറയിൽ പതിഞ്ഞതും കരടികളും മലമുഴക്കികളുമാണ്.

തേക്കടി കാടുകളിൽ രാവും പകലും കരടികളുടെ പിന്നലെ അലയുന്ന നെൽസൺസാറിനെ കുറിച്ച് വാച്ചർ കണ്ണന് നൂറ് നാവായിരുന്നു. പറമ്പിക്കുളത്തെ ജിമ്മിയും സാറിന്റെ അത്തരം വിശേഷങ്ങൾ പറയും. കരടികളുടെ ഭക്ഷണ രീതികളെ കുറിച്ചും സ്വഭാവത്തെ കുറിച്ചും നെൽസൺ സാറിന്റെ നിരീക്ഷണം മഹത്തരമാണ് (സാറിനെ കുറിച്ച് എന്റെ പുസ്തകങ്ങളിലൊക്കെ ഞാൻ എഴുതിയിട്ടുണ്ട്. പ്രത്യേകിച്ച് ‘കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞു പോയവരും’ എന്ന പുസ്തകത്തിൽ).

‘കാടിനെ ഭയമുള്ളവർക്കെങ്ങനെ
കാടിനെ കുറിച്ചു പഠിക്കാനാകും ‘

തിരികെ ചീതൾ വാക്കിലെത്തിയപ്പോൾ മാർക്കിന്റെ അനുജൻ പീറ്റർ ദാവിദാറിനോട് ആനകളെ കണ്ട വിവരം പറഞ്ഞു. കരടിയുടെ കാര്യത്തിൽ പീറ്റർ അധികം താൽപര്യം കാണിച്ചില്ല. പീറ്റർ ദാവിദാറിന് ആനയാണ് എല്ലാം. അതിനു ശേഷമേ എന്തുമുള്ളു! ആനകളെ കുറിച്ചായിരുന്നു പീറ്ററുടെ ഗവേഷണം മുഴുവൻ. പിന്നെ ആനകൾ മാത്രമായി. ഗവേഷണം നിന്നു. ഭയം എന്നൊന്നില്ല. മാർക്ക് ഉള്ളപ്പോൾ പറയുമായിരുന്നു.

” നസീർ.. പീറ്ററിന്റെ കൂടെ കാട്ടിൽ പോകരുത്. അവൻ എപ്പോൾ എന്ന് തിരികെ വരുമെന്ന് അറിയില്ല…”

ദാ… ഇപ്പോൾ ഞാൻ കണ്ട ആനയെ കാണുവാൻ പീറ്റർ വിളിക്കുന്നു. ഞങ്ങൾ ഇറങ്ങുകയായി… ബാക്കി വിശേഷം പിന്നീട്.