ചിക്കൻ വില കുതിച്ചുയരുന്നു; വില കുറച്ചില്ലെങ്കിൽ ചിക്കൻ വിഭവങ്ങൾ ഒഴിവാക്കുമെന്ന് ഹോട്ടലുടമകൾ


കോഴിക്കോട്: സംസ്ഥാനത്ത് ചിക്കൻ വില കൂടുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍. ഇല്ലെങ്കില്‍ കോഴിവിഭവം ഒഴിവാക്കേണ്ട സാഹചര്യമാണുള്ളതെന്ന് കാണിച്ച് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഒരു മാസത്തിനിടെ കിലോഗ്രാമിന് 100 രൂപ വരെയാണ് വില വര്‍ദ്ധന. ഫാമുകള്‍ കോഴി ഉല്‍പാദനം എഴുപത് ശതമാനംവരെ കുറച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. തുടര്‍ച്ചയായ വിലയിടിവും ലോക്ഡൗണ്‍ ആശങ്കകളുമാണ് ഉല്‍പാദനം കുറയ്ക്കാന്‍ ഫാമുകളെ പ്രേരിപ്പിച്ചത്. കോഴിത്തീറ്റവിലയും ഇരട്ടിച്ചു. അതിനാല്‍ വില കുറയ്ക്കാന്‍ പ്രായോഗികമല്ലെന്നാണ് ഫാം ഉടമകളുടെ വാദം.

കോഴിക്കോട് ആണ് ഏറ്റവുമധികം വില വര്‍ദ്ധന എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകൾ പുറത്ത്. കോഴിയിറച്ചി വില കിലോഗ്രാമിന് 240 രൂപയോളമാണ്. കത്തിക്കയറുന്ന കോഴിയിറച്ചി വില നിയന്ത്രിക്കാൻ നടപടി വേണമെന്ന് ഹോട്ടലുടമകൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പെരുന്നാൾ അടുത്തതോടെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കോഴി വില ഉയരുകയാണ്. മലപ്പുറത്ത് കോഴിക്ക് കിലോഗ്രാമിന് 150-160 രൂപ വരെയും ഇറച്ചിക്ക് കിലോഗ്രാമിന് 220-230 രൂപ വരെയുമായി വില ഉയര്‍ന്നു. മൊത്ത വിതരണക്കാര്‍ക്ക് കിലോഗ്രാമിന് 120 രൂപക്ക് ഒക്കെ ലഭിക്കുന്ന ഇറച്ചിയാണ് തീ വിലയിൽ ലഭിക്കുന്നത്