ചാലിക്കര പള്ളിക്ക് മുന്നിലെ പ്രതിഷേധം: മഹല്ല് കമ്മിറ്റി രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനത്തിന് വഴങ്ങി, യുവതി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: ചാലിക്കര പള്ളിക്ക് മുന്നിലെ പത്തു വയസ്സുസുകാരിയുടെ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി പെണ്‍കുട്ടിയുടെ അമ്മ. മകള്‍ക്ക് ചിലവിന് കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന ഇസ്മയില്‍ കഴിഞ്ഞ ദിവസം പുനര്‍ വിവാഹം ചെയ്തു. തന്റെ മഹറും മകള്‍ക്ക് ചിലവിനും കൊടുക്കാതെ രണ്ടാം വിവാഹം ചെയ്തു കൊടുക്കരുതെന്ന് മഹല്ല് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് പള്ളിക്കു മുന്നില്‍ പ്രതിഷേധിച്ചതെന്ന് യുവതി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട പറഞ്ഞു.

തന്റെ വീട്ടകാര്‍ പോലും അറിയാതെയാണ് ഇത്തരത്തിലൊരും പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.വൈ.എസ്.പിയെ കണ്ട് വിഷയം സംസാരിച്ച് തിരിച്ച് വീട്ടിലേക്ക് വരുന്ന സമയത്താണ് ഇസ്മയിന്റെ നിക്കാഹ് വിവരം അറിയുന്നത്. തുടര്‍ന്നാണ് ചാലിക്കര പള്ളിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തണയോടെയല്ല പ്രതിഷേധം സംഘടിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

യുവതി പറയുന്നതിങ്ങനെ:

2010 ലാണ് തന്റെയും ഇസ്മയിലിന്റെയും വിവാഹം നടക്കുന്നത്. ഒരു വര്‍ഷത്തിനകം പെണ്‍ കുഞ്ഞ് ജനിച്ചു. എന്നാല്‍ തങ്ങളുടെ കാര്യങ്ങളൊന്നും ഇസ്മയില്‍ ശരിക്ക് നോക്കിയിരുന്നില്ല. ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമാണ് കുട്ടി ഇപ്പോള്‍ കഴിയുന്നത്. തൊഴിലുറപ്പിനും മറ്റും പോയാണ് മകളുടെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തുന്നത്. മകള്‍ക്ക് ജീവനാംശം നല്‍കണമെന്ന് 2016 ല്‍ വടകര കോടതി വിധിച്ചിരുന്നു. എന്നാല്‍ കുട്ടിക്ക് ചിലവിന് നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞ് ഇസ്മയില്‍ ഇത്രയും കാലം ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇസ്മയില്‍ നേരത്തെ ജീവനാംശം നല്‍കാത്തതിനെത്തുടര്‍ന്ന് കോടതി ഉത്തരവുപ്രകാരം ആറുമാസം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

2021 ഏപ്രിലില്‍ മതാചാരപ്രകാരം ഇസ്മയില്‍ യുവതിയെ മൊഴി ചൊല്ലി. എന്നാല്‍ കൊവിഡ് സാഹചര്യമായതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും മഹര്‍ മാല തിരികെ നല്‍കുമെന്നും അറിയിച്ചു. നവംബര്‍ 30 നുള്ളില്‍ സ്വര്‍ണ്ണമായോ പണമായോ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തിരികെ നല്‍കാതെയാണ് ഇസ്മയില്‍ മറ്റൊരാളെ നിക്കാഹ് കഴിച്ചത്.

പ്രശ്നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഞാനും കുടംബവും മഹല്ല് കമ്മിറ്റിയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ‘ നിന്റെ കോലം പോലെ നോക്കിക്കോ, സൗകര്യമില്ല ചെയ്തു തരാന്‍’ എന്നാണ് പള്ളി പ്രസിഡന്റ് വി.എം ഇബ്രാഹിം ഹാജി തന്നോട് പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി. പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് മഹല്ല് കമ്മിറ്റി ഇസ്മയിലിന്റെ നിക്കാഹിന് കൂട്ടുനിന്നതെന്ന് യുവതി ആരോപിച്ചു.

പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പേരാമ്പ്ര സി.ഐ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ പോയിരുന്നു. ‘എന്ത് അവകാശമാണുള്ളത്, ജഡ്ജ് വിധിച്ചിട്ടുണ്ടെങ്കില്‍ അവിടെ പോയി വാങ്ങണം, തുമ്പിനെ കൊണ്ട് കല്ലെടുപ്പിക്കല്ലേ, സിറാജിന്റെ പേര് എവിടെയും പറയരുത്’ എന്നും പറഞ്ഞ് സി.ഐ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പറഞ്ഞു.

ചാലിക്കരയിലെ മുസ്ലീം ലീഗ് നേതാവ് സിറാജ് മാസ്റ്ററിന്റെ സഹോദരിയെയാണ് ഇസ്മയില്‍ വീണ്ടും നിക്കാഹ് കഴിച്ചത്. നിക്കാഹിന് മുന്നേ സിറാജ് മാസ്റ്ററെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. എല്ലാം അറിഞ്ഞ് കൊണ്ടാണ് കല്ല്യാണത്തിന് നിന്നത്, ഞങ്ങളെ കൊണ്ടാന്നും പറ്റൂല, സൗകര്യം പോലെ ചെയ്‌തോ, നിന്നക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് സിറാജ് പറഞ്ഞതെന്ന് യുവതി.

സിറാജിന് തന്നോടുള്ള വെറുപ്പിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തതിനാലാണ്. രണ്ട് വോട്ടിനാണ് അദ്ദേഹം തോല്‍ക്കുന്നത്. ഈ വോട്ട് കിട്ടാതിരുന്നത് തന്റെ കുടുംബത്തില്‍ നിന്നുമാണ്. അതിലൊന്ന് താനാണ്. ഞങ്ങള്‍ വോട്ട് ചെയ്യാത്തിനാലാണ് താന്‍ തോറ്റത് അല്ലെങ്കില്‍ ഞാന്‍ ജയിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും യുവതി വ്യ്ക്തമാക്കി. ആ പ്രതികാരമാണ് സിറാജ് ഇപ്പോള്‍ ചെയ്‌തോണ്ടിരിക്കുന്നതെന്നും യുവതി ആരോപിച്ചു.

പ്രശ്‌നത്തില്‍ ഇടപെടണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് അവര്‍ ഇടപെട്ടതെന്ന് യുവതി പറഞ്ഞു.

അതേ സമയം യുതിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്ത്ി. വസ്തുതകള്‍ മറച്ചുവെച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സമരമെന്നാണ് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. മഹല്ല് പ്രസിഡന്റിനെയും കമ്മിറ്റിയെയും പള്ളിയെയും സമൂഹത്തിന്റെമുന്നില്‍ മോശമായി ചിത്രീകരിക്കാന്‍ ചില തത്പര കക്ഷികള്‍ നടത്തുന്ന സംഘടിതമായ ശ്രമമാണ് പള്ളിയുടെമുന്നില്‍ നടന്ന സമരമെന്ന് അവര്‍ പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കളുടെ ആദ്യം നടന്ന വിവാഹം മറ്റൊരു മഹല്ല് പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. എല്ലാ രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് പുനര്‍വിവാഹത്തിന്റെ നിക്കാഹ് മഹല്ല് കമ്മിറ്റി നടത്തിക്കൊടുത്തത്. കുട്ടിക്ക് ജീവനാംശം ലഭിക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് പ്രകാരം നിയമപരമായാണ് പരിഹാരം കാണേണ്ടത്. വിഷയത്തില്‍ അപവാദ പ്രചാരണം നടത്തിയവരുടെപേരില്‍ മഹല്ല് കമ്മിറ്റി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.