ചാണക സംഘിയെന്ന് വിളിച്ചാൽ സന്തോഷം; പെട്രോൾ ഡീസൽ വില വർദ്ധനവ് ഉപയോഗം കുറയ്ക്കാനാണെന്ന വിചിത്രവാദവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: സിവിൽ സർവ്വീസിൽ നിന്ന് വിരമിച്ച് ബിജെപി യിൽ ചേർന്നതിന് പിന്നാലെ വിചിത്രവാദവുമായി മുൻ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. ഇന്ധന വില കൂടുന്നത് വഴി ഇവയുടെ ഉപയോഗം കുറയ്ക്കാനാകുമെന്നാണ് ജേക്കബ് തോമസ് വിശദീകരിക്കുന്നത്.
അടിക്കടി പെട്രോൾ ഡീസൽ വില വർദ്ധിക്കുന്നതിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുൻ ഡിജിപി യുടെ വിദഗ്ധാഭിപ്രായം. പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചാൽ അത് നല്ലതിനാണെന്നെ പരിസ്ഥിതിവാദിയായ ഞാൻ പറയൂ. നികുതി കൂട്ടിയാലേ നമുക്ക് പാലം പണിയാനും സ്കൂളുകൾക്ക് കമ്പ്യൂട്ടറുകൾ വാങ്ങാനും സാധിക്കുകയുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു.
ചാണക സംഘിയെന്ന് തന്നെ ആളുകൾ വിളിക്കുന്നതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. ചാണകം എന്നത് പഴയ കാലത്ത് വീടുകൾ ശുദ്ധിയാക്കാൻ ഉപയോഗിച്ചിരുന്ന വസ്തുവാണ്. അതിനാൽ ചാണക സംഘിയെന്ന് തന്നെ വിളിച്ചാൽ സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.