ചരിത്രം കഥ പറയട്ടെ, സ്വാതന്ത്ര്യത്തിനു മുമ്പ് അവഗണനയുടെ കെട്ട കാലമുണ്ടായിരുന്നെന്ന് കുഞ്ഞുങ്ങളോർക്കട്ടെ: പയ്യോളി തുറയൂർ കേളപ്പജിയുടെ പ്രതിമ സ്ഥാപിക്കുന്നു


പയ്യോളി: സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയൻ ആശയങ്ങളുടെ പ്രയോക്താവുമായിരുന്ന കേളപ്പജിയുടെ പൂർണകായ പ്രതിമ ഒരുങ്ങുന്നു. കേളപ്പജിയുടെ 50-ാം ചരമവാർഷിക ദിനമായ ഒക്ടോബർ ഏഴിന് തുറയൂരിലെ കൊയപ്പള്ളി തറവാട്ടിലാണ്‌ പ്രതിമ സ്ഥാപിക്കുക.

കൊയപ്പള്ളി തറവാട് പരിപാലന ട്രസ്‌റ്റാണ്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത്. കളിമൺ മാതൃക പ്രമുഖ ശിൽപ്പി ചിത്രൻ കുഞ്ഞിമംഗലത്തിന്റെ പണിപ്പുരയിൽ തയ്യാറായി. പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ്ചെയ്ത് ഫൈബറിൽ വാർത്ത് വെങ്കലത്തിലാണ് തയ്യാറാക്കുന്നത്.

യുഎഇയിൽ ഗാന്ധി പ്രതിമ ചെയ്ത് പ്രശസ്തനായ ശിൽപ്പിയാണ്‌ ചിത്രൻ. കേരള ലളിതകലാ അക്കാദമി അവാർഡ്, സിഎഫ് നാഷണൽ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ ചിത്രനെ സഹായിക്കാൻ കെ വി കിഷോർ, കെ ചിത്ര എന്നിവരുമുണ്ട്. പാർലമെന്റ് മന്ദിരത്തിൽ എകെജിയുടെ ശിൽപ്പം ചെയ്ത നാരായണൻ മാസ്റ്റർ കുഞ്ഞിമംഗലത്തിന്റെ മകനാണ് ചിത്രൻ. മഹാത്മാഗാന്ധി, സഞ്ജയൻ, എ കെ ജി, ഇ എം എസ്, കേളപ്പജി, ഇ കെ ഇമ്പിച്ചിബാവ, മറഡോണ തുടങ്ങിയവരുടെ പ്രതിമകൾ ചിത്രൻ നിർമിച്ചിട്ടുണ്ട്.