ചരിത്ര സ്മാരകമുയരും; ചേമഞ്ചേരി രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം ഭരണാനുമതിയായി


ചേമഞ്ചേരി: ക്വിറ്റ് ഇന്ത്യാ സ്മാരക മന്ദിരമായി നിലകൊള്ളുന്ന ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ രജിസ്ട്രേഷൻ വകുപ്പിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

ചേമഞ്ചേരിയിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ സ്മരണകളുറങ്ങുന്ന പഴയ രജിസ്ട്രാഫീസ് കെട്ടിടം പൂർണ്ണമായും ജീർണ്ണിച്ച അവസ്ഥയിലാണ് ഇന്നുള്ളത്. അവിടെ നിന്നും മാറി ഏതാനും വർഷങ്ങളായി പൂക്കാട് ടൗണിലെ വാടക കെട്ടിടത്തിലാണ് ഇപ്പോൾ ആപ്പീസ് പ്രവർത്തിച്ചു വരുന്നത്. പഴയ ഓഫീസ് കെട്ടിടവും വാടകയ്ക്കായിരുന്നു നിലകൊണ്ടിരുന്നത്.

രജിസ്ട്രാഫീസ് സ്വാതന്ത്ര്യ സമര സ്മാരക മന്ദിരമായി നിലനിർത്താൻ വേണ്ടി സ്വകാര്യ വ്യക്തിയിൽ നിന്നും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 16 സെന്റ് ഭൂമി വില കൊടുത്തു വാങ്ങിയിരുന്നു. ഇതിൽ കുറച്ച് ഭാഗം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി അക്വയർ ചെയ്തു. ബാക്കി വരുന്ന ഭൂമി രജിസ്ട്രേഷൻ വകുപ്പിന് കൈമാറുന്നതിൽ വകുപ്പ് തല കാലതാമസം നേരിട്ടിരുന്നു.

ഇക്കാര്യത്തിൽ തീർപ്പായതോടെയാണ് ബജറ്റിൽ പണം വകയിരുത്തിയ ഈ പദ്ധതിക്ക് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് ആർകിടെക്ചർ വിഭാഗമാണ് കെട്ടിടം ഡിസൈൻ ചെയ്തത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ തന്നെ നിർമാണത്തിലേക്ക് കടക്കാൻ കഴിയുമെന്ന് കെ.ദാസൻ എം.എൽ.എ പറഞ്ഞു.