ചങ്ങരോത്ത് വയലില്‍ സുരക്ഷാ വേലി നിര്‍മ്മിക്കണമെന്ന് യൂത്ത് ലീഗ്


പേരാമ്പ്ര: ചങ്ങരോത്ത് വയലില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. വര്‍ഷങ്ങളായി തരിശു നിലമായി കിടന്നിരുന്ന ചങ്ങരോത്ത് വയല്‍ കതിരണി, നിറവ് പദ്ധതികളുടെ ഭാഗമായി കൃഷിയോഗ്യമാക്കുന്നുണ്ട്. ഇതിനായി വയല്‍ ഉഴുതു മറിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വയലിലുണ്ടായിരുന്ന ചെറു തോടുകളെല്ലാം അടഞ്ഞ് പോയിരുന്നു.

വയലില്‍ യന്ത്രമിറക്കുന്നതിനായി ബണ്ട് കെട്ടി വയലില്‍ വെള്ളം നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വയലില്‍ വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. കൂടാതെ ഉഴുതു മറിച്ചതിനാല്‍ മണ്ണും ചളിയുമാണ് വയല്‍ നിറയെ. ഇത് റോഡിലൂടെ കടന്ന് പോകുന്നവര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നു. റോഡിന് ഇരു വശത്തുമായാണ് വയല്‍ സ്ഥിതി ചെയ്യുന്നത്. കാല്‍നട യാത്രയായും വാഹനത്തിലുമായി ദിനംപ്രതി നിരവവധി പേരാണ് ഇതുവഴി കടന്നു പോകുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിനേന നൂറ് കണക്കിന് ആളുകള്‍ കടന്ന് പോകുന്ന മണല്‍ കുന്ന് താഴെ ഭാഗത്താണ് ഏറ്റവും അപകട സാധ്യതയുള്ളത്.

കൃഷിയുടെ ആവശ്യാര്‍ത്ഥം ബണ്ട് കെട്ടിയാണ് വയലില്‍ വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്നത്. അതിനാല്‍ എത്രയും പെട്ടന്ന് പണി തീര്‍ത്ത് വയലിലെ വെള്ളം നീക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം വയലില്‍ സുരക്ഷ വേലി കെട്ടി ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിഷയത്തിന് പരിഹാരം കാണണം എന്നാവശ്യപെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കാനും യൂത്ത് ലീഗ് തീരുമാനിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ.കെ സി സമീര്‍, സി.പി നസീര്‍, സി.മുനീര്‍, വി.പി ഹാരിസ്, പി.കെ അഫ്നാന്‍, സി.കെ മുസ്തറഫ്, എം.ഫാസില്‍, യു.പി ദില്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.പി നിസാര്‍ സ്വാഗതവും ട്രഷറര്‍ സിദ്ധീഖ് തൊണ്ടിയില്‍ നന്ദിയും പറഞ്ഞു.