ചങ്ങരോത്ത് പച്ചപ്പിലേക്ക്; തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനായി നെല്‍പ്പാടത്ത് വിത്തിട്ടു


പേരാമ്പ്ര : കാലങ്ങളായി തരിശായിക്കിടന്ന ചങ്ങരോത്ത് പഞ്ചായത്തിലെ 430 ഏക്കറോളം പാടശേഖരം ഇനി കതിരണിയും. പാടങ്ങള്‍ തരിശുരഹിതമാക്കാനുള്ള പദ്ധതിയില്‍ വിത്തുവിതയ്ക്കല്‍ നടന്നു. ജില്ലാപഞ്ചായത്ത് സംസ്ഥാന യന്ത്രവത്കരണ മിഷനുമായി ചേര്‍ന്ന് നടത്തുന്ന ‘കതിരണി’ പദ്ധതിയിലും ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിന്റെ ‘നിറവ്’ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് പാടശേഖരങ്ങളില്‍ കൃഷിയോഗ്യമാക്കുന്നത്.

750 ഏക്കര്‍ പാടശേഖരമുള്ള പഞ്ചായത്താണ് ചങ്ങരോത്ത്. പല കാരണങ്ങളാല്‍ 300 ഏക്കറോളം സ്ഥലത്ത് മാത്രമാണ് നെല്‍ക്കൃഷി നടക്കുന്നത്. കൂടലോട്ട്, കുളക്കണ്ടം, ചങ്ങരോത്ത്, കൂനിയോട്, കടിയങ്ങാട് തുടങ്ങിയമേഖലയില്‍ 20 വര്‍ഷത്തോളമായി കൃഷി ചെയ്യാതെ കിടക്കുന്ന പാടശേഖരങ്ങളുണ്ട്. കൂടലോട്ട് പാടത്ത് മാത്രം 150 ഏക്കര്‍സ്ഥലത്ത് കൃഷിയിറക്കുന്നുണ്ട്.

കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി കര്‍ഷകര്‍, കര്‍ഷക സ്വയംസഹായസംഘങ്ങള്‍, കുടുംബശ്രീ, യുവജന സംഘടനകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് നെല്‍ക്കൃഷിയിറക്കാന്‍ ശ്രമിക്കുന്നത്.

ചങ്ങരോത്ത് കുളക്കുണ്ടം അയനിക്കുന്നുമ്മല്‍താഴെ വയലില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി വിത്തിടല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പാളയാട്ട് ബഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം.അരവിന്ദാക്ഷന്‍, പഞ്ചായത്തംഗം കെ.ടി മൊയ്തി, കൃഷി ഓഫീസര്‍ പി.പി ജിജിഷ, കതിരണി-നിറവ് പദ്ധതി കണ്‍വീനര്‍ പി.സി സന്തോഷ്, റിസോഴ്സ് പേഴ്സണ്‍ കാവ്യ, കുട്ടിമമ്മി കൂടലോട്ട്, സി.കെ കുഞ്ഞിമൊയ്തീന്‍, എ.കെ സന്തോഷ്, എം.ടി നാണു, സി.കെ രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.