ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരന് മര്‍ദ്ദനം


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന് മര്‍ദ്ദനമേറ്റു. പഞ്ചായത്ത് ക്ലര്‍ക്ക് പി.കെ സുരേഷിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം നിലച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഓഫീസിലെത്തിയ യുവാവ് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ജീവനക്കാരന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സര്‍ട്ടിഫിക്കറ്റിനെത്തിയ യുവാവിനോട് ആവശ്യം തിരക്കിയതിനെ തുടര്‍ന്ന് ഇയാള്‍ ജീവനക്കാരനെ ചീത്ത വിളിക്കുകയും തുടര്‍ന്ന് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരനെ യുവാവ് കൈയ്യേറ്റം ചെയ്തതെന്ന് സ്റ്റാഫ് സെക്രട്ടറി കെ.വി സുധീഷ് പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക