ചങ്ങരോത്ത് കൊവിഡ് വ്യാപനം രൂക്ഷം: പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പിടിവീഴും
പേരാമ്പ്ര :ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം. 21 പേര്‍ക്കാണ് ഇന്ന് മാത്രം പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്തിനെ കാറ്റഗറി ‘ഡി’യിലേക്ക് മാറ്റിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളാണ് കാറ്റഗറി ‘ഡി’യില്‍ ഉള്‍പ്പെടുന്നത്. അവശ്യ സര്‍വ്വീസൊഴികെ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ അനുവദനീയമല്ല. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ പിഴയും നിയമ നടപടിയുമുണ്ടാകും.
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ടിപിആര്‍ നിരക്ക് 33 കടന്നതോടെ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ വെള്ളിയാഴ്ച കടകള്‍ തുറക്കാനുള്ള അനുമതിയും നഷ്ടമായി. അവശ്യസാധനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി അടപ്പിച്ചു. പഞ്ചായത്തിലെ പ്രധാന അങ്ങാടികളായ പാലേരി, പന്തിരിക്കര, കടിയങ്ങാട് എന്നിവിടങ്ങളിലും നാട്ടില്‍ പുറങ്ങളിലും നിയന്ത്രണം ശക്തമാക്കി.
നിലവില്‍ അവശ്യസാധനങ്ങള്‍ വില്പന നടത്തുന്ന കടകളും ബേക്കറിക്കും ഉച്ചക്ക് 2 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരുക്കുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണായതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്പന നടത്തുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഈ ദിവസങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.
സമ്പൂര്‍ണ്ണ ലോക്ഡൗണായ ശനിയും ഞായറും പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്നും വാക്സിന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അറിയിച്ചു.
കാറ്റഗറി ‘ഡി’യിലെ നിയന്ത്രണങ്ങള്‍
- ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
- പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും
- അത്യാവശ കാരണങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ പിഴയും, നിയമനടപടിയും