ചക്കിട്ടപ്പാറയിലെ മലഞ്ചെരുവുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കാനൊരുങ്ങി ടോം; ടോക്കിയോ ഒളിംപിക്സില്‍ ഇത്തവണ അവനുമുണ്ട്, പേരാമ്പ്രയുടെ അഭിമാനം
ചക്കിട്ടപാറ: മലയോര ഗ്രാമമായ ചക്കിട്ടപാറ പഞ്ചായത്തിൽ നിന്നു മറ്റൊരു താരം കൂടി ഒളിംപിക്സ് ട്രാക്കിലേക്ക്. പൂഴിത്തോട് തൈക്കടുപ്പിൽ ടോമിച്ചൻ – ആലീസ്ലി ദമ്പതികളുടെ മകൻ നോഹ നിർമൽ ടോം (26) ടോക്കിയോ ഒളിംപിക്സിൽ 4–400 റിലേ, മിക്സഡ് റിലേ ഇനങ്ങളിൽ രാജ്യത്തിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ്. ഈ മാസാവസാനമാണ് ഒളിംപിക്സ്.
2019ലെ ലോക ചാപ്യൻഷിപ്പിലാണു നോഹ ഒളിംപിക്സിലേക്കു യോഗ്യത നേടിയത്. ഹാൻഡ് ബോൾ ദേശീയ താരമായിരുന്ന അമ്മ ആലീസ്ലിയുടെ പ്രോത്സാഹനമാണു നോഹയുടെ കായിക മുന്നേറ്റത്തിനു കുതിപ്പേകിയത്. കോഴിക്കോട് സിൽവർ ഹിൽസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോഴായിരുന്നു ട്രാക്കിലെ അരങ്ങേറ്റം. കോഴിക്കോട് സായിയിലെ പരിശീലകൻ ജോർജ് സെബാസ്റ്റ്യനാണു നോഹയിലെ പ്രതിഭ കണ്ടെത്തി പരിശീലനം നൽകിയത്.
ആദ്യ ഘട്ടത്തിൽ 1500 മീറ്റർ, 800 മീറ്റർ മത്സരങ്ങളിൽ മാറ്റുരച്ച നോഹ പിന്നീട് 400 മീറ്ററിലേക്കു മാറുകയായിരുന്നു. എം.കെ. രാജമോഹനന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം. തിരുവനന്തപുരത്തു വ്യോമസേനയിൽ സർജന്റായ നോഹ ഇപ്പോൾ പട്യാലയിൽ ഒളിംപിക്സ് മത്സരത്തിനുള്ള പരിശീലനത്തിലാണ്. ചക്കിട്ടപാറ സ്വദേശി ജിൻസൺ ജോൺസൻ 2016ലെ ഒളിംപിക്സിൽ 800 മീറ്ററിൽ മത്സരിച്ചിരുന്നു.