ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ജോലിക്ക് പോകുന്നവരെ ബാധിക്കില്ല, നാളെ മുതല്‍ പ്രധാനപാതയൊഴികെയുള്ള പോക്കറ്റ് റോഡുകളില്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും – കെ.സുനില്‍
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായതിനെ തുടര്‍ന്നാണ് നടപടി. പഞ്ചായത്തിലുള്ളവര്‍ക്ക് ജോലിക്ക് പോകുന്നതിന് കൊവിഡ് നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പ്രധാന പാതയൊഴികെ മറ്റുള്ള പോക്കറ്റ് റോഡുകളെല്ലാം ബാരിക്കേഡിങ്ങ് വച്ച് അടയ്ക്കും. ഇതു വഴി ആര്‍.ആര്‍.ടി വളണ്ടിയര്‍മാരുടെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ ജനങ്ങളെ കടത്തി വിടുകയുള്ളുവെന്നും പ്രസിഡന്റ് പറഞ്ഞു. നിലവില്‍ 250 ന് മുകളില്‍ ആക്ടീവ് കേസുകളാണ് പഞ്ചായത്തിലുള്ളത്. ഇവരില്‍ ഭൂരിപക്ഷം പേരും വീടുകളില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പഞ്ചായത്തിലെ ഡിസിസി സെന്ററിലും രോഗികള്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലും, പന്ത്രണ്ടാം വാര്‍ഡിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
രോഗവാഹകരെ കണ്ടെത്തി രോഗവ്യാപനം തടയുന്നതിനായി കൂടുതല്‍ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 500 പേരെ ഇന്ന് പഞ്ചായത്തില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ 42 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പഞ്ചായത്തില്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ബാങ്കുകള്‍ക്ക് വൈകീട്ട് നാല് മണി വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പഞ്ചായത്തിലെ മറ്റു നിയന്ത്രണങ്ങള്‍ ചുവടെ
നിയന്ത്രണങ്ങള്‍
- ഉച്ചയ്ക്കു 2 വരെ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വില്‍പന മാത്രം അനുവദിക്കും.
- ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം.
- അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2 വരെ.
- ഈ വാര്‍ഡുകളില്‍ ബാരിക്കേഡ് സ്ഥാപിക്കും.
- എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
- രാത്രി 7 മുതല്‍ രാവിലെ 5 വരെ അടിയന്തര യാത്ര മാത്രമേ അനുവദിക്കൂ.