ചക്കിട്ടപ്പാറ സ്വദേശിയുടെ തിരക്കഥയില്‍ പിറന്ന ചിത്രം ‘കാടകലം’ ആമസോണ്‍ പ്രൈം വീഡിയോയില്‍


ക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് തിരക്കഥ എഴുതിയ കാടകലം ആമസോണ്‍ പ്രൈം വിഡിയോയില്‍ റിലീസ് ചെയ്തു. പെരിയാര്‍വാലി ക്രിയേഷന്‍സിന്റെ ബാനറില്‍ സഗില്‍ രവീന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

കാടിന്റെ നിലനിനില്‍പ്പും ആദിവാസികളുടെ പ്രശ്‌നങ്ങളും അച്ഛന്‍ മകന്‍ ബന്ധത്തിന്റെ തീവ്രതയും സംസാരിക്കുന്ന കഥയാണ് കാടകലം. ഇതിനോടകം തന്നെ കാടകലം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ഒരു ഡോക്ടറുടെ സര്‍വ്വീസിനിടെ അവിചാരിതമായി കണ്ടുമുട്ടിയ ആദിവാസി കുട്ടിയുടെ ജീവിതാനുഭവത്തില്‍ നിന്നാണ് ഈ കഥ രൂപപ്പെട്ടുവന്നതെന്ന് ജിന്റോ തോമസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അത് പിന്നീട് തിരക്കഥയാക്കി മാറ്റുകയായിരുന്നു. ആദിവാസികള്‍ നേരിടുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബി. കെ. ഹരിനാരായണന്റെ വരികളില്‍ പി. എസ്. ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെ സാന്നിധ്യം
തെളിയിച്ച മാസ്റ്റര്‍ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവര്‍ത്തകനുമായ സതീഷ് കുന്നോത്തുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലച്ചിത്രതാരം കോട്ടയം പുരുഷനും മറ്റു താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. റെജി ജോസഫാണ് ക്യാമറ ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് അംജാദ് ഹസ്സന്‍.

ഇടുക്കി ജില്ലയിലെ ഉപ്പുതറ എന്ന ആദിവാസി ഊരിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആദിവാസികളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും അസ്സോസിയേറ്റ് ഡയറക്ടര്‍ ആയും ജിന്റോ തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ആമസോണിന്റെ യു.കെ, യു.എസ് പ്ലാറ്റ്‌ഫോമുകളില്‍ റീലീസ് ആയ കാടകലം ഉടനെ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതാണ്.