ചക്കിട്ടപ്പാറ സ്മാര്‍ട്ടായി; സേവനങ്ങള്‍ക്കായി ഇനി പഞ്ചായത്തോഫീസ് കയറിയിറങ്ങേണ്ട, ‘സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍’ പദ്ധതിക്ക് തുടക്കമായി


ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തില്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് ലഭ്യമാകുന്ന ജനന, മരണ, വിവാഹ രജിസ്ട്രേഷന്‍ തുടങ്ങി 214 സേവനങ്ങളാണ് ഇങ്ങനെ ലഭ്യമാകുക. പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

പദ്ധതിയിലൂടെ പൊതു ജനങ്ങള്‍ക്ക് വിവിധ അപേക്ഷകള്‍ പഞ്ചായത്തില്‍ നേരിട്ടെത്താതെ സ്മാര്‍ട്ട് ഫോണില്‍നിന്ന് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. സേവനങ്ങള്‍ ലഭിക്കുന്നതിന് ഓണ്‍ലൈനായി സ്വയമോ, അക്ഷയ സെന്ററുകള്‍ മുഖേനയോ സമര്‍പ്പിക്കാന്‍ കഴിയും. ഫീസും അടയ്ക്കാം. അപേക്ഷകള്‍ക്ക് 30 സെക്കന്‍ഡിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആധുനിക ഡിജിറ്റല്‍ സംവിധാനമാണു നടപ്പാക്കിയത്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ ചക്കിട്ടപാറയടക്കം 11 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഐ.എല്‍.ജി.എം.എസ് വികസിപ്പിച്ചത്. https:erp.lsgkerala.gov.in എന്ന വെബ് വിലാസം വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌.