ചക്കിട്ടപ്പാറ പഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷം; കൃഷിയിടം നശിപ്പിക്കുന്നത് പതിവ് കാഴ്ച, അധികൃതര്‍ പരിഹാരം കണ്ടെത്തണമെന്നാവശ്യം


ചക്കിട്ടപാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ചെമ്പനോട, കാട്ടിക്കുളം, ആലമ്പാറ മേഖലകളില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വനം വകുപ്പിന്റെ സൗരവേലിയില്‍ മരം പിഴുതെറിഞ്ഞാണു കൃഷിയിടത്തില്‍ കാട്ടാനകള്‍ എത്തുന്നത്. ഷിജോ ഒളോമന, ജോയിച്ചന്‍ പുറവക്കാട്ട്, മാത്യു തേരകം, കുഞ്ഞൂട്ടി വടക്കേക്കര, ശശി കുളമാക്കില്‍ എന്നിവരുടെ വാഴ, കമുക് എന്നിവയാണു നശിപ്പിച്ചത്.

ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട കാട്ടിക്കുളം മാത്യു തേരകത്തിന്റെ പുരയിടത്തിലെ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയില്‍ കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച സൗരവേലി മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ഫണ്ട് ഇല്ലാത്തതാണു സൗരവേലി നന്നാക്കാന്‍ തടസ്സമെന്നു വനം വകുപ്പ് അധികൃതര്‍ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി പട്രോളിങ് ശക്തമാക്കണമെന്നും ആനകളെ തുരത്താന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.