ചക്കിട്ടപാറയില്‍ യുവജന സഹകരണ സംഘം യാഥാര്‍ത്ഥ്യമാവുന്നു; പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുന്നതിനായി ശില്‍പ്പശാല സംഘടിപ്പിച്ചു


പേരാമ്പ്ര: സഹകരണ മേഖലയില്‍ യുവാക്കള്‍ക്ക് തൊഴില്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിനായി ചക്കിട്ടപാറ പഞ്ചായത്തില്‍ യുവജന സഹകരണ സംഘം യാഥാര്‍ത്ഥ്യമാവുന്നു. പഞ്ചായത്തിലെ അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ ഒത്തുചേര്‍ന്നാണു സംഘം രൂപീകരിച്ചത്. വിവിധ മേഖലകളില്‍ സംരഭങ്ങള്‍ ആരംഭിച്ച് തൊഴില്‍ കണ്ടെത്തുകയാണു സംഘം രൂപീകരിച്ചതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്.

സംഘത്തിന്റെ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുന്നതിനായി ചക്കിട്ടപാറ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. യുവജന സംഘം ചീഫ് കോ.ഓര്‍ഡിനേറ്റര്‍ അശ്വിന്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്മദ് മാസ്റ്റര്‍, പി.പി രഘുനാഥ്, പി.സി സുരാജന്‍, എം.എം പ്രദീപന്‍, ടി.കെ ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രതിന്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.